
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും മികച്ച ജയവുമായി ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 121 റൺസ് ടാർഗറ്റ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യക്കായി കെഎൽ രാഹുൽ അർധസെഞ്ച്വറി കുറിച്ചു. രണ്ട് ടെസ്റ്റിലും മാറ്റങ്ങളൊന്നുമില്ലാതെയായിരുന്നു ഇന്ത്യ ഇറങ്ങിയത്. രണ്ടാം മത്സരത്തിലും വിജയിച്ചതോടെ അപൂർവ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ ബാറ്ററായി കളത്തിലെത്തിയ ധ്രുവ് ജൂറെൽ.
ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡാണ ജൂറെൽ സ്വന്തമാക്കിയത്. അരങ്ങേറിയതിന് ശേഷം ധ്രൂവ് ജൂറെൽ ഇന്ത്യക്കായി കളിച്ച ഏഴ് മത്സരത്തിലും ഇന്ത്യ വിജയം കൈവരിച്ചു. 2024ൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് ജൂറെൽ ടെസ്റ്റിൽ അരങ്ങേറിയത്.
അരങ്ങേറ്റ മത്സരത്തിനുശേഷം കളിച്ച ആറ് ടെസ്റ്റുകളിൽ ജയിച്ച പേസർ ഭുവനേശ്വർ കുമാറിൻറെ റെക്കോർഡാണ് ജൂറെൽ പഴങ്കഥയാക്കിയത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ പ്രധാന വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന പരിക്കേറ്റതോടെയാണ് ജൂറെലിന് വെസ്റ്റ് ഇൻഡിസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ടെസ്റ്റിലും ആദ്യ ഇലവനിൽ അവസരം ലഭിച്ചത്. ആദ്യ ടെസ്റ്റിൽ സെഞ്ച്വറിയടിച്ച താരം ഇന്ത്യയുടെ ടോപ് സ്‌കോററായി. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് ഇന്ത്യയിൽ പര്യടനം നടത്തിയപ്പോഴായിരുന്നു ജൂറെൽ അരങ്ങേറിയത്. ആ പരമ്പരയിലെ ജൂറെൽ കളിച്ച മൂന്ന് മത്സരത്തിലും ഇന്ത്യ വിജയം കൈവരിച്ചു.
ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റിലാണ് ജുറെൽ പിന്നീട് കളിച്ചത്. ജസ്പ്രീത് ബുമ്ര നായകനായ ആ ടെസ്റ്റ് ഇന്ത്യ 295 റൺസിന് ജയിച്ചു. പിന്നീട് ആ പരമ്പരയിൽ ജൂറെലിന് അവസരം ലഭിച്ചിരുന്നില്ല. പിന്നീട് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ പരിക്കേറ്റ ഋഷഭ് പന്തിന് പകരം ജൂറെൽ കളത്തിലെത്തിയിരുന്നു മത്സരത്തിൽ ഇന്ത്യ ജയിക്കുകയും പരമ്പര സമനിലയാകുകയും ചെയ്തു. ഇപ്പോഴിതാം വിൻഡീസിനെതിരെയുള്ള രണ്ട് ടെസ്റ്റിലും വിജയിച്ച ടീമിലും അംഗമായിരിക്കുകയാണ് ജൂറെൽ.
Content Highlights- Dhruv Jurel Creates a new record by winning seven continuos games