
കേരള ഫുട്‍ബോളിന്റെ അഭിമാന പോരാട്ടമാണ് സൂപ്പർ ലീഗ് കേരള. കേരള സൂപ്പർ ലീഗിന്റെ രണ്ടാം സീസൺ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സൂപ്പർ ലീഗ് കേരളയുടെ പ്രൊമോ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ് സുകുമാരനും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ വൈറലാകുന്നത്. തൃശൂരിന് വേണ്ടി കുഞ്ചാക്കോ ബോബനും കൊച്ചിക്ക് വേണ്ടി പൃഥ്വിരാജുമാണ് കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ഇരു ടീമുകളുടെയും കടുത്ത പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
മുംബൈയിൽ കരൺ ജോഹറിന്റെ വീട് എവിടെയാണെന്നും, ലോകേഷ് കനകരാജിന്റെ നമ്പർ തരുമോ എന്ന് തമാശരൂപേണ കുഞ്ചാക്കോ ബോബൻ ചോദിക്കുന്നതും അതിന് പൃഥ്വിരാജ് നൽകുന്ന മറുപടിയുമാണ് വീഡിയോയിൽ ഉള്ളത്. സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് ഒക്ടോബർ 17 ന് തുടക്കമാകും. വെള്ളിയാഴ്ച തിരുവനന്തപുരം കൊമ്പൻസ് എഫ്സി തൃശൂർ മാജിക് എഫ്സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്. ഒക്ടോബർ 19 നാണ് അടുത്ത മത്സരം. മലപ്പുറം എഫ്സിയും കാലിക്കറ്റ് എഫ്സിയും തമ്മിലാണ് മത്സരം. മൂന്നാം മത്സരത്തിൽ ഫോർക്ക കൊച്ചി കണ്ണൂർ വാരിയേഴ്സിനെ നേരിടും.
സൂപ്പർ ലീഗ് കേരളയുടേതായി നേരത്തെ പുറത്തുവന്ന പ്രൊമോകളും ശ്രദ്ധ നേടിയിരുന്നു. ബേസിൽ ജോസഫ്, ശശി തരൂർ, പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവരാണ് ഈ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രതികരണങ്ങൾ ആയിരുന്നു ഈ വീഡിയോക്ക് എല്ലാം ലഭിച്ചത്.
Content Highlights: Super league kerala promo video goes viral