
പറവൂർ: എറണാകുളം വടക്കൻ പറവൂരിൽ മൂന്ന് വയസുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവ് നായയ്ക്ക് പേവിഷബാധ. നായയുടെ കടിയേറ്റ കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ടാണ് മൂന്നരവയസുകാരിയുടെ വലതു ചെവി തെരുവുനായ കടിച്ചെടുത്തത്. വീടിനോട് ചേർന്ന ക്ഷേത്രത്തിനു സമീപം കുട്ടികൾ കളിക്കുന്നതുകണ്ട് പിതാവിനൊപ്പം ഇരിക്കുകയായിരുന്നു കുഞ്ഞ്. ഇവർക്ക് പിറകിലൂടെ എത്തിയ തെരുവുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു.
തുരത്താൻ ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ ചെവിയിൽനിന്നും പിടിവിടാൻ നായ തയ്യാറായില്ല. പിന്നാലെ കുട്ടിയുടെ ചെവി അറ്റ് താഴെ വീഴുകയായിരുന്നു. കുട്ടിയെ ആദ്യം കളമശ്ശേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം നോർത്ത് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പേ വിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു. അറ്റുവീണ ചെവി കവറിലാക്കിയാണ് ആശുപത്രിയിലെത്തിച്ചത്. തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു.
Content Highlights: Stray dog that bit a three year old girl's ear in North Paravoor, tests positive for rabies