
കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയില്‍ ആശങ്ക അറിയിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് അഭിഭാഷക. രക്ഷിതാവും കുട്ടിയും സ്‌കൂളില്‍ യൂണിഫോം ധരിച്ചെത്താമെന്ന് അറിയിച്ച സാഹചര്യത്തില്‍ എന്തുകൊണ്ടാണ് മന്ത്രി ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്ന് അറിയില്ലെന്ന് അഡ്വ. വിമല പ്രതികരിച്ചു. വിദ്യാര്‍ത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണമെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.
എന്നാല്‍ കുട്ടികളില്‍ തുല്യത ഉറപ്പിക്കാന്‍ ആണ് സ്‌കൂള്‍ യൂണിഫോം. സര്‍ക്കാര്‍ കൂടുതല്‍ ആയി ഇടപെടല്‍ നടത്തുന്നുവെന്ന് സംശയിക്കുന്നു. മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുകയാണ്. പ്രശ്‌നം പരിഹരിച്ചതാണെന്നും അഭിഭാഷക വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉത്തരവ് സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. പരിശോധിച്ച് നിയമനടപടിയെടുക്കും. നാളെ രാവിലെ സ്‌കൂള്‍ മാനേജ്‌മെന്റ് ഒരു തീരുമാനം എടുക്കുമെന്നും അഭിഭാഷക പറഞ്ഞു.
സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്നും പുറത്ത് നിര്‍ത്തിയതില്‍ സ്‌കൂള്‍ അധികൃതരുടേത് ഗുരുതര കൃത്യവിലോപമാണെന്നും ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കണമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
വിദ്യാര്‍ത്ഥിനിക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ മാനസിക വിഷമങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ച് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഒക്ടോബര്‍ 15 ന് സമര്‍പ്പിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം സ്‌കൂളിന്റെ നിയമാവലി അനുസരിച്ച് യൂണിഫോം ധരിച്ച് കുട്ടി നാളെ മുതല്‍ സ്‌കൂളില്‍ എത്തുമെന്ന് പിതാവ് അറിയിച്ചിട്ടുണ്ട്. ഹൈബി ഈഡന്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും നേതൃത്വത്തില്‍ നടത്തിയ സമവായ നീക്കത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
Content Highlights: Hijab Controversy school adv vimala against V Sivankutty