എസ്എഫ്‌ഐക്ക് കെഎസ്‌യു വോട്ട് ചെയ്തു; എംഇഎസ് കല്ലടി കോളേജിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

കോളേജിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ കമ്മിറ്റി

എസ്എഫ്‌ഐക്ക് കെഎസ്‌യു വോട്ട് ചെയ്തു; എംഇഎസ് കല്ലടി കോളേജിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു
dot image

പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ എസ്എഫ്‌ഐക്ക് കെഎസ്‌യു വോട്ട് ചെയ്തതിന് പിന്നാലെ കോളേജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട് കെഎസ്‌യു. കോളേജിലെ യൂണിറ്റ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തതായി കെഎസ്‌യു ജില്ലാ കമ്മിറ്റിയാണ് അറിയിച്ചത്. കോളേജിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും തുടർന്നുണ്ടായ സംഭവങ്ങളിലും അന്വേഷണത്തിനായി പാലക്കാട് ജില്ലാ കമ്മിറ്റി രണ്ടംഗ കമ്മീഷനെ നിയോഗിച്ചു.

കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് വോട്ട് ചെയ്ത കെഎസ്‌യു പ്രവർത്തകർക്ക് എതിരെ നടപടി എടുക്കുമെന്ന് കെഎസ്‌യു സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂണിറ്റ് കമ്മിറ്റി സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നീക്കം. യുയുസി, വൈസ് ചെയർമാൻ , ജനറൽ സെക്രട്ടറി എന്നീ ജനറൽ സീറ്റുകളിൽ കെഎസ്‌യു മത്സരിക്കുമെന്ന് യുഡിഎസ്ഫ് നേതാക്കൾ ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ ഒരു ജനറൽ സീറ്റിലേക്ക് പോലും കെഎസ്‌യു നോമിനേഷൻ നൽകിയില്ലെന്ന് മാത്രമല്ല എസ്എഫ്‌ഐ സ്ഥാനാർത്ഥികൾക്ക് വോട്ടും ചെയ്തു.

പത്തുവർഷത്തിന് ശേഷമാണ് മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ എസ്എഫ്‌ഐ യൂണിയൻ തിരിച്ചുപിടിച്ചത്. ചെയർമാൻ, വൈസ് ചെയർമാൻ, ജോയിൻ സെക്രട്ടറി, മാഗസിൻ എഡിറ്റർ, യുയുസി തുടങ്ങിയ പ്രധാന സീറ്റുകളിലെല്ലാം എസ്എഫ്‌ഐ വിജയിച്ചു.

അതേസമയം കോളേജിലെ എസ്എഫ്‌ഐ വിജയത്തിൽ കെഎസ്‌യുവിനെതിരെ എംഎസ്എഫ് മുദ്രാവാക്യം വിളിച്ചിരുന്നു. കെഎസ്‌യു മുന്നണി മര്യാദ പാലിച്ചില്ലെന്നും അവസാന നിമിഷം എസ്എഫ്‌ഐയുമായി ചേർന്ന് യൂണിയൻ അട്ടിമറിച്ചെന്നുമായിരുന്നു എംഎസ്എഫ് നേതാവ് സഫ്‌വാൻ ആനമൂളിയുടെ വിമർശനം.

കോളജിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എസ്എഫ്‌ഐയെ പിന്തുണച്ചതിൽ വിമർശനവുമായി എംഎസ്എഫും രം​ഗത്തെത്തിയിരുന്നു. ക്യാംപസുകളിലെ ജമാഅത്തെ ഇസ്‌ലാമി - എസ്എഫ്‌ഐ കൂട്ടുകെട്ടിനെ വിമർശിച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, 'മൗദൂദി എസ്എഫ്‌ഐ' എന്നാണ് ഫേസ്ബുക്കിലൂടെ ആക്ഷേപിച്ചത്.

കോളേജിലെ ആദ്യഘട്ട റിസൾട്ട് വന്നപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായ എംഎസ്എഫിനെ തോൽപ്പിക്കാൻ എസ്എഫ്‌ഐ വോട്ട് വാങ്ങിയത് മൗലാന മൗദൂദിയുടെ ജമാഅതെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയിൽ നിന്നാണ്. പ്രത്യുപകാരമായി 3 സീറ്റ് മാത്രമുള്ള ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി 36 സീറ്റുള്ള എംഎസ്എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി ജനറൽ ക്യാപ്റ്റനാക്കി മാറ്റിയിരിക്കുകയാണ് എസ്എഫ്‌ഐ എന്നും നജാഫ് ആരോപിച്ചിരുന്നു.

Content Highlights: Mannarkkad MES Kalladi college KSU unit suspended

dot image
To advertise here,contact us
dot image