
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ റോളിനെ കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വന്നപ്പോള്‍ പ്രിയപ്പെട്ട സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ ഇടംലഭിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഇന്ത്യയുടെ ടി20 ടീമിലേക്ക് ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയതോടെ മധ്യനിരയില്‍ സഞ്ജു കളിക്കുമോ എന്ന സംശയമായിരുന്നു ആരാധകര്‍ക്ക്. ഫിനിഷര്‍ റോളില്‍ ജിതേഷ് ശര്‍മയുള്ളപ്പോള്‍ പ്ലേയിങ് ഇലവനില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കില്ലെന്നായിരുന്നു എല്ലാവരും കരുതിയത്.
എന്നാല്‍ സഞ്ജുവിനെ കളിപ്പിക്കാതിരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലായിരുന്നുവെന്നാണ് സൂര്യകുമാര്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഏഷ്യാ കപ്പിലെ സഞ്ജുവിന്റെ റോളിനെ കുറിച്ച് ക്യാപ്റ്റന്‍ സൂര്യ മനസ് തുറന്നത്.
'ശുഭ്മന്‍ ഗില്ലിനെയും ജിതേഷ് ശര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തിയതോടെ എല്ലാവരും കരുതിയത് സഞ്ജുവിന് പകരം ജിതേഷിനെ ഇറക്കുമെന്നാണ്. എന്നാല്‍ ഞങ്ങളുടെ പ്ലാന്‍ മറ്റൊന്നായിരുന്നു. ഏത് പൊസിഷനായാലും സഞ്ജു ടീമില്‍ വേണമെന്നുള്ള കാര്യത്തില്‍ കോച്ച് ഗൗതം ഗംഭീറിന് വളരെ വ്യക്തതയുണ്ടായിരുന്നു', സൂര്യ പറഞ്ഞു.
'സഞ്ജുവിനെ കളിപ്പിക്കില്ലെന്ന് എന്റെ മനസിലും ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. ആദ്യത്തെ പ്രാക്ടീസ് സെഷന്‍ മുതല്‍ തന്നെ സഞ്ജു നെറ്റ്‌സിന് പിറകിലുണ്ടായിരുന്നു. ഗൗതം ഭായ്‌യും ഞാനും സഞ്ജുവിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അവസാനത്തെ 15 ടി20 മത്സരങ്ങളില്‍ സഞ്ജു നന്നായി കളിച്ചിരുന്നുവെന്ന് കോച്ച് പറയുകയും ചെയ്തു. ബാറ്റിങ് പൊസിഷന്‍ മാറിയേക്കാമെന്നും കുറച്ചു പന്തുകള്‍ മാത്രമായിരിക്കും കിട്ടുകയെന്നും ഞങ്ങള്‍ സഞ്ജുവിനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഇംപാക്ട് ടീമിന് ആവശ്യമായിരിക്കുമെന്നും പറഞ്ഞു. എപ്പോള്‍ ബാറ്റുചെയ്യാന്‍ ഇറങ്ങിയാലും അത് ടീമിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്', സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Suryakumar Yadav Opens Up On Sanju Samson's Asia Cup Batting Role