സിനിമാക്കാരെ വേട്ടയാടുന്നത് നിഗമനത്തിൻറെ അടിസ്ഥാനത്തിൽ; പരാമർശത്തിൽ മലക്കംമറിഞ്ഞ് സുരേഷ് ഗോപി

തൃശൂർ കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തിയാൽ ലുലുമാളിനേക്കാൾ നല്ല മാർക്കറ്റ് നിർമിക്കുമെന്ന് സുരേഷ്‌ഗോപി

സിനിമാക്കാരെ വേട്ടയാടുന്നത് നിഗമനത്തിൻറെ അടിസ്ഥാനത്തിൽ; പരാമർശത്തിൽ മലക്കംമറിഞ്ഞ് സുരേഷ് ഗോപി
dot image

പാലക്കാട്: ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാനാണ് നടന്മാരുടെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയതെന്ന പരാമർശത്തിൽ മാധ്യമങ്ങളെ പഴിചാരി തടിയൂരി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സ്വർണപ്പാളി വിവാദത്തിലെ ചർച്ച മറയ്ക്കാൻ മാധ്യമങ്ങൾ സിനിമാക്കാരെ വേട്ടയാടുകയാണ്. നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമാക്കാരെ വേട്ടയാടുന്നതെന്നും അവർക്ക് സത്യം തെളിയിക്കാൻ കഴിയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ എട്ട് വർഷമായി പോണ്ടിച്ചേരി എന്നു പറഞ്ഞ് തന്നെ വേട്ടയാടുകയാണ്. അത് കോടതിയിലുള്ള കാര്യമായതുകൊണ്ട് അക്കാര്യത്തിൽ കൂടുതലൊന്നും പറയുന്നില്ല. എന്റെ നേർച്ചയ്ക്ക് വിലയിട്ടവരാണ് മാധ്യമങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രജകൾ എന്ന് വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി, സ്വർണം ചെമ്പാക്കിയ കാര്യം മറയ്ക്കാനാണ് അതിൽ വിവാദം ഉണ്ടാക്കുന്നതെന്നും പറഞ്ഞു. മൂന്ന് തവണ എംപിയായ വ്യക്തിക്ക് ചെയ്യാനാകാത്ത കാര്യങ്ങളാണ് താൻ ചെയ്യുന്നത്. തൃശൂർ കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തിയാൽ ലുലുമാളിനേക്കാൾ നല്ല മാർക്കറ്റ് നിർമിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

ഭൂട്ടാൻ വാഹനക്കടത്തിൽ നടന്മാരായ പൃഥ്വിരാജിന്‍റെയും ദുൽഖർ സൽമാന്‍റെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡ് ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാനാണെന്നായിരുന്നു സുരേഷ്‌ ഗോപി പറഞ്ഞത്. രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നത് വിവാദം മുക്കാനാണോയെന്നാണ് സംശയം. കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല. ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

അതേസമയം സുരേഷ് ഗോപി കലുങ്ക് ചർച്ചയ്ക്കിടെ നപുംസകങ്ങളെന്ന മനുഷ്യത്വവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പാലക്കാട് പ്രതിഷേധം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡൻറ് എ തങ്കപ്പന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസ് പരിസരത്ത് നിന്ന് പാലക്കാട് നഗരസഭയിലേക്കായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധക്കാർ സുരേഷ് ഗോപിയുടെ കോലം കത്തിച്ചു

Content Highlights: Suresh Gopi reacts his comment about ED raid at Actor's house

dot image
To advertise here,contact us
dot image