'വിനേഷിനെതിരായ ആക്രമണം കടന്ന കയ്യായിപോയി, ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കും'; സിപിഐഎം

സിപിഐഎം, ഡിവൈഎഫ്‌ഐ നേതൃത്വങ്ങൾക്ക് ആക്രമണത്തെ കുറിച്ച് അറിവില്ലെന്ന് എസ് അജയകുമാർ

'വിനേഷിനെതിരായ ആക്രമണം കടന്ന കയ്യായിപോയി, ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കും'; സിപിഐഎം
dot image

പാലക്കാട്: വാണിയംകുളത്ത് യുവാവിനെ ആക്രമിച്ച സംഭവത്തിൽ ആരോപണവിധേയരായ ഡിവൈഎഫ്‌ഐ നേതാക്കളെ തള്ളി സിപിഐഎം. വിനേഷിനെ ആക്രമിച്ച ഡിവൈഎഫ്‌ഐ നേതാക്കളുടെ ആക്രമണം കടന്ന കയ്യായി പോയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ പറഞ്ഞു.


സിപിഐഎം, ഡിവൈഎഫ്‌ഐ നേതൃത്വങ്ങൾക്ക് ആക്രമണത്തെ കുറിച്ച് അറിവില്ല. വിനേഷിനെതിരായ ആക്രമണം വ്യക്തിപരമായ കാരണങ്ങളാലാണെന്നും അജയകുമാർ വ്യക്തമാക്കി. വിനേഷിനെ ആക്രമിച്ച ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കും. ആക്രമണങ്ങളെ സിപിഐഎം പ്രോത്സാഹിപ്പിക്കില്ല. പരിക്കേറ്റ വിനേഷിന്റെ ചികിത്സ പാർട്ടിയുടെ ബാധ്യസ്ഥതയാണെന്നും അദ്ദേഹം പറഞ്ഞു. വിനേഷിന്റെ കുടുംബവും ആക്രമണം നടത്തിയവരുടെ കുടുംബവും പാർട്ടിയുമായി ബന്ധമുള്ളവരെന്നും അജയകുമാർ വ്യക്തമാക്കി.

ഡിവൈഎഫ്‌ഐ മേഖല മുൻ ജോയിന്റെ സെക്രട്ടറിയായ വിനേഷിനെ ബുധനാഴ്ച രാത്രി പത്തുമണിയോടെ ബൈക്കിൽ വരുന്നതിനിടെ തടഞ്ഞുനിർത്തി കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ ഷൊർണൂർ ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇവിടെനിന്ന് തിരിച്ചുപോയ വിനേഷിനെ അക്രമികൾ പിന്തുടർന്ന് പനയൂരിൽവെച്ച് വീണ്ടും മർദിച്ചു. പിന്നീട് വാഹനത്തിൽ വിനേഷിന്റെ വീടിന്റെ മുറ്റത്ത് കൊണ്ടുവിടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പിതാവ് കൊച്ചുകുട്ടനാണ് വിനേഷിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സി രാകേഷിന്റെ സമൂഹമാധ്യമകുറിപ്പിനിട്ട കമന്റിനെ ചൊല്ലിയാണ് 38കാരനായ വിനേഷിനെ നേതാക്കൾ ക്രൂരമായി മർദിച്ചത്. ഡിവൈഎഫ്‌ഐ ഗണേശഗിരിയിൽ നടത്തിയ പഞ്ചഗുസ്തി മത്സരം ഉദ്ഘാടനം ചെയ്തത് വിവരിച്ച് ചിത്രസഹിതം രാകേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ 'പൊതുജനങ്ങൾക്ക് ഈ പരിപാടികൊണ്ട് എന്ത് ലാഭമാണ് താങ്കൾ ഉണ്ടാക്കിയത്' എന്നായിരുന്നു വിനേഷ് കമന്റ് ഇട്ടത്. ഈ കമന്റിന് നിരവധി പ്രതികരണങ്ങളാണ് വന്നത്. പിന്നാലെ 'പോസ്റ്റിട്ടയാൾ ഫോണിൽ വിളിച്ച് വെല്ലുവിളിച്ചെന്നും കൈയും കാലും അവിടെതന്നെയുണ്ടാകുമോയെന്ന് നോക്കാമെന്നും താത്പര്യമുള്ളവർ വീട്ടിലേക്ക് വരിക, ഞാൻ പനയൂരിലുണ്ടാകുമെന്നും' വിനേഷ് മറുപടിയായി കമന്റ് പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ആക്രമണമുണ്ടായത്.

വിനേഷിന്റെ തലച്ചോറിൽ തീവ്രമായ രക്തസ്രാവം ഉണ്ടായതായാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. അതീവ ഗുരുതരാവസ്ഥയിലുള്ള വിനേഷ് അബോധാവസ്ഥയിൽ തുടരുകയാണ്. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
ഇടത്തെ കണ്ണിന് ചുറ്റും കറുപ്പ് നിറവും ശരീരത്തിൽ ചിലയിടങ്ങളിലെല്ലാം ചതവുകളുണ്ട്. ശരീരത്തിൽ പുറമെയ്ക്ക് വലിയ പരിക്കുകൾ പ്രകടമായി കാണാനില്ലെങ്കിലും തലച്ചോറിലടക്കം ആന്തരിക ക്ഷതം സംഭവിച്ചിട്ടുണ്ട്. രക്ഷപ്പെട്ടാലും യുവാവ് കോമ സ്റ്റേജിൽ പോകാൻ സാധ്യതയെന്നും വിനേഷിനെ ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി.

സംഭവത്തിൽ മൂന്ന് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളെ കോഴിക്കോട്ടുവെച്ച് പൊലീസ് പിടികൂടിയിരുന്നു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ഷെർണൂർ ബ്ലോക്ക് സെക്രട്ടേറിയേറ്റ് അംഗവുമായ എം എച്ച് ഹാരിസ്, കൂനത്തറ മേഖലാ ഭാരവാഹികളായ കെ സുർജിത്ത്, കിരൺ എന്നിവരെയാണ് പിടികൂടിയത്. ട്രെയിനിൽ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവെച്ച് ആർപിഎഫാണ് ഇവരെ പിടിച്ചത്. പിന്നാലെ പട്ടാമ്പി പൊലീസ് ഇൻസ്‌പെട്കറുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഇവരെ കൈമാറുകയായിരുന്നു.

ആക്രമണം കൊലപ്പെടുത്തുക എന്ന ഉദേശ്യത്തോടെയായിരുന്നില്ലെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. വിനേഷ് ഫേസ്ബുക്കിലൂടെ നിരന്തരം പ്രകോപിപ്പിച്ചതായും ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും ആക്രമിക്കാൻ ആയുധങ്ങൾ കയ്യിൽ കരുതിയിരുന്നില്ലെന്നും പിടിയിലായ പ്രതികൾ പറഞ്ഞു. സിപിഐഎം അംഗമായിരുന്ന വിനേഷിനെ നാലുവർഷം മുൻപ് സംഘടനാനടപടിയുടെ ഭാഗമായി പാർട്ടിയിൽനിന്ന് ഒഴിവാക്കിയിരുന്നു. സംഘർഷം നടന്ന ഇരു സ്ഥലങ്ങളിലുമെത്തി പൊലീസ് ശാസ്ത്രീയ തെളിവെടുപ്പ് നടത്തി.

Content Highlights:

dot image
To advertise here,contact us
dot image