ഷാരൂഖും ആമിറും അല്ല, ലാലേട്ടനെയാണ് ഇഷ്ടം; 'രാവണപ്രഭു' കാണാൻ ഫ്ലൈറ്റ് പിടിച്ചെത്തി 'വിജയ്‌യുടെ സഹോദരി'

തിയേറ്ററിന് അകത്ത് നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലാണ്

ഷാരൂഖും ആമിറും അല്ല, ലാലേട്ടനെയാണ് ഇഷ്ടം; 'രാവണപ്രഭു' കാണാൻ ഫ്ലൈറ്റ് പിടിച്ചെത്തി 'വിജയ്‌യുടെ സഹോദരി'
dot image

രാവണപ്രഭു റീ റിലീസിനെ ആഘോഷമാക്കി മോഹൻലാൽ ആരാധകർ. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ആണ് ഇന്ന് മുതൽ ആണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി ദീപ്തി നമ്പ്യാർ. തുപ്പാക്കി എന്ന വിജയ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ദീപ്തി.

താൻ ജനിച്ചതും വളർന്നതും മുംബൈയിലും പൂണെയിലുമാണെങ്കിലും ബോളിവുഡ് താരങ്ങളേക്കാൾ തനിക്ക് ഇഷ്ടം ലാലേട്ടനെയാണെന്ന് ദീപ്തി പ്രതികരിച്ചു. 'ഞാൻ ജനിച്ചു വളർന്നതെല്ലാം പൂണെയിലും മുംബൈയിലും ആണ്. പക്ഷേ എനിക്ക് ഷാരൂഖ് ഖാനേക്കാളും ആമിർ ഖാനേക്കാളും ഇഷ്ടം ലാലേട്ടനെ തന്നെ ആണ്. ലാലേട്ടന് ഇത്തവണ വേറെ ലെവൽ വർഷം ആയിരുന്നു. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കിട്ടി, മറ്റു പല പുരസ്കാരങ്ങളും കിട്ടുന്നു. സിനിമകൾ കോടി കോടി ക്ലബ്ബിൽ ഇടം നേടുന്നു. റീ–റിലീസ് പടങ്ങളും ഇത്രയധികം വിജയിച്ചു. വലിയ സന്തോഷമുണ്ട്', ദീപ്തിയുടെ വാക്കുകൾ. എറണാകുളം കവിത തിയേറ്ററിലാണ് ദീപ്തി സിനിമ കാണാൻ എത്തിയത്.

വമ്പൻ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. തിയേറ്ററിന് അകത്ത് നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലാണ്. മോഹൻലാൽ ആരാധകർക്കായി പ്രത്യേക മാഷപ്പ് വീഡിയോയും തിയേറ്ററിൽ പ്രദർശിപ്പിച്ചു. സരയൂ, കൈലാഷ് ഉൾപ്പെടെ നിരവധി സിനിമാതാരങ്ങളും ഈ ഷോയിൽ പങ്കെടുത്തിരുന്നു. ആയിരത്തിന് മേലെ സീറ്റുള്ള തിയേറ്റർ നിറഞ്ഞ സദസിലാണ് ഇന്നലെ പ്രദർശനം ആരംഭിച്ചത്. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡ് ആയി. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു മോഹൻലാൽ സിനിമയിലെത്തിയത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം, ഗാനങ്ങൾ - ഗിരീഷ് പുത്തഞ്ചേരി, ഛായാഗ്രഹണം - പി സുകുമാർ. പി ആർ ഓ ഐശ്വര്യ രാജ്.

Content Highlights: Thuppakki vijay sister came to watch Ravanaprabhu

dot image
To advertise here,contact us
dot image