'ഷോപ്പ് തന്റേതെന്ന് സമ്മതിച്ചതിന് നന്ദി;കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിന്റെ നനവ് താൻ ആ ഷോപ്പിൽ അനുഭവിച്ചു'

പി കെ ഫിറോസിന് മറുപടിയുമായി കെ ടി ജലീൽ

'ഷോപ്പ് തന്റേതെന്ന് സമ്മതിച്ചതിന് നന്ദി;കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിന്റെ നനവ് താൻ ആ ഷോപ്പിൽ അനുഭവിച്ചു'
dot image

മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് മറുപടിയുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. പട്ടാമ്പിക്കടുത്തെ കൊപ്പത്തെ 'Yummi Fried Chicken' ഷോപ്പ് പി കെ ഫിറോസിന്റേതാണെന്ന് സമ്മതിച്ചതിന് ഒരായിരം നന്ദിയെന്ന് ജലീല്‍ പറഞ്ഞു. തിരുനാവായക്കാരന്‍ വെള്ളടത്ത് മുഹമ്മദ് അഷ്‌റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിനും ഫിറോസിന് നന്ദി പറയുന്നതായി ജലീല്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

'കത്വ-ഉന്നാവോ പെണ്‍കുട്ടികളുടെ കണ്ണീരിന്റെ നനവ് ഞാനാ ഷോപ്പിന്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. 'ദോതി ചാലഞ്ചില്‍' പറ്റിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നില്‍ക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു', എന്ന് പറഞ്ഞാണ് കെ ടി ജലീല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ജലീല്‍ യമ്മി ഫ്രൈഡ് ചിക്കനില്‍ നിന്നും ഭക്ഷണം കഴിച്ച ചിത്രം പങ്കുവെച്ച് ഫിറോസ് നന്ദി അറിയിച്ച് പരിഹാസ പോസ്റ്റ് ഇറക്കിയിരുന്നു.

'നന്ദി, വന്നതിനും, ഭക്ഷണം കഴിച്ച് അഭിപ്രായം അറിയിച്ചതിനും. ബിസിനസില്‍ രാഷ്ട്രീയമില്ല, രാഷ്ട്രീയത്തില്‍ ബിസിനസും', എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. കെ ടി ജലീലിന്റെ വാര്‍ത്താ സമ്മേളത്തിലെ ആരോപണത്തില്‍ പി കെ ഫിറോസ് കഴിഞ്ഞ ദിവസം വിശദീകരണവും നല്‍കിയിരുന്നു. രാഷ്ട്രീയം തൊഴിലാക്കുന്ന പണി ഇതുവരെ ചെയ്തിട്ടില്ലെന്നും പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും നടത്തിയ പിതാവ് ആണ് മാതൃകയെന്നും ഫിറോസ് പറഞ്ഞിരുന്നു.

മുസ്‌ലിം ലീഗിന്റെ സെയില്‍സ് മാനേജരാണ് പി കെ ഫിറോസെന്നും പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നതെന്നുമായിരുന്നു കെ ടി ജലീലിന്റെ ആരോപണം. ദോത്തി ചലഞ്ചെന്ന പേരില്‍ 200 രൂപ പോലുമില്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയതെന്നും വന്‍തട്ടിപ്പാണ് അന്ന് നടന്നതെന്നും കെ ടി ജലീല്‍ ആരോപിച്ചിരുന്നു.

Content Highlights: K T Jaleel again agaist Youth League leader P K Firos

dot image
To advertise here,contact us
dot image