സൺസ്‌ക്രീൻ സ്‌കിൻ കാൻസറിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഇക്കാര്യം

ചില ഇൻഫ്‌ളുവൻസർമാരും ഓൺലൈൻ വിദഗ്ദരും വാദിക്കുന്നത് സൺസ്‌ക്രീനുകൾ ടോക്‌സിക്കാണെന്നാണ്

സൺസ്‌ക്രീൻ സ്‌കിൻ കാൻസറിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഇക്കാര്യം
dot image

ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺസ്‌ക്രീനുകൾ അപകടകാരിയാണെന്ന തരത്തിൽ പലതരം പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ചർമത്തെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും സൺസ്‌ക്രീൻ സംരക്ഷിക്കുമെന്ന് പലതരം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതും സൂര്യാഘാതത്തിൽ നിന്നും ചർമത്തിലുണ്ടാകുന്ന കാൻസറിൽ നിന്നുമെല്ലാം ഇവ സംരക്ഷണം നൽകുമെന്നാണ് ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്.

എന്നിരുന്നാലും ചില ഇൻഫ്‌ളുവൻസർമാരും ഓൺലൈൻ വിദഗ്ദരും വാദിക്കുന്നത് സൺസ്‌ക്രീനുകൾ ടോക്‌സിക്കാണെന്നാണ്. മാത്രമല്ല ഇവയിലുള്ള രാസവസ്തുക്കൾ ചർമത്തിൽ കാൻസറിന് കാരണമാകുമെന്നും ഇവർ പറയുന്നു. അതിനിടയിലാണ് ജോൺസ് ഹോപ്കിൻസ് പബ്ലിക്ക് ഹെൽത്ത് അക്കൗണ്ടിൽ ഡോ അഷാനി വീരരത്‌ന ഇതിലെ വാസ്തവമെന്താണെന്ന് വിശദീകരിച്ചിരിക്കുന്നത്.

ത്വക്കിലുണ്ടാകുന്ന അർബുദത്തെ കുറിച്ചുള്ള ധാരണ എല്ലാവർക്കുമുണ്ടാകണമെന്നും വർഷത്തിലൊരിക്കലെങ്കിലും നമ്മുടെ ചർമം പരിശോധിക്കാൻ സമയം കണ്ടെത്തണമെന്നും ഡോക്ടർ പറയുന്നു. നിങ്ങളുടെ ചർമത്തിലെവിടെയാണെങ്കിലും അത് കൈപത്തി, പാദത്തിന് താഴ്ഭാഗം, നഖങ്ങൾക്ക് അടിഭാഗം എന്നിവിടങ്ങളിലൊക്കെ കാൻസർ വരാൻ സാധ്യതയുണ്ട്. ആർക്കുവേണമെങ്കിലും ഇത്തരം കാൻസർ ഉണ്ടാവാമെന്ന് ഡോക്ടർ പറയുന്നു.

സൂര്യപ്രകാശം ഏൽക്കുന്നതിനെക്കാൾ അപകടകരമാണ് സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് എന്നൊരു പ്രചരണമുണ്ടെന്നും അതിന് യാതൊരു തെളിവുകളുമില്ലെന്നും ഡോക്ടർ വ്യക്തമാക്കുന്നു. UV രശ്മികളെക്കാൾ അപകടകാരിയാണ് സൺസ്‌ക്രീൻ എന്നതിന് ഒരടിസ്ഥാനവുമില്ലെന്നും അവർ വ്യക്തമാക്കുന്നു. ഇനി അത്തരം പേടിയുണ്ടെങ്കിൽ സിങ്ക് ഓക്‌സൈഡ് പോലുള്ള മിനറൽ ബേസ്ഡ് സൺസ്‌ക്രീനുകൾ ഉപയോഗിക്കാമെന്നും അവർ ഉപദേശിക്കുന്നുണ്ട്. അല്ലെങ്കിൽ യുപിഎഫ് ബേസ്ഡ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്.

സൺസ്‌ക്രീനുകൾക്കും എക്‌സ്‌പൈറി ഡേറ്റുണ്ട്. അത് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. എസ്പിഎഫ് റേറ്റിങ് കൂടിയ മേക്കപ്പ് ഉത്പന്നങ്ങൾ സൺസ്‌ക്രീനിന് പകരം ഉപയോഗിക്കാൻ നിൽക്കരുതെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. UVAയിൽ നിന്നും UVBയിൽ നിന്നും സൺസ്‌ക്രീൻ സുരക്ഷ നൽകുന്നതിനാൽ കുറഞ്ഞത് എസ്പിഎഫ് 30 ഉള്ള സൺസ്‌ക്രീൻ എങ്കിലും ഉപയോഗിക്കണം. DEETയുള്ള ബഗ് സ്‌പ്രേകൾ ഉപയോഗിക്കുന്നത് സൺസ്‌ക്രീനിന്റെ ഇഫക്ടിനെ ബാധിക്കും. അതിനാൽ ബഗ് സ്പ്രേ ഉപയോഗിച്ചാൽ സൺസ്‌ക്രീൻ റീഅപ്ലൈ ചെയ്യാൻ മറക്കരുതെന്നും വീഡിയോയിൽ ഡോക്ടർ പറയുന്നു.

ഓരോ 90 മിനിറ്റ് ഇടവിട്ടും സൺസ്‌ക്രീൻ റീഅപ്ലൈ ചെയ്യേണ്ടതാണെന്നും എത്ര വാട്ടർപ്രൂഫ് ആണെന്ന് പറഞ്ഞാലും അക്കാര്യം ശ്രദ്ധിക്കണമെന്നും നിർദേശിക്കുന്നുണ്ട്. മാത്രമല്ല നീന്തൽ പോലുള്ള പ്രവർത്തികൾ ചെയ്യുമ്പോൾ വെള്ളം UV കിരണങ്ങളെ പ്രതിഫലിപ്പിക്കുന്നത് UV എക്‌പോഷറിന് കാരണമാകുകയും ചെയ്യും. സ്‌കിൻ കാൻസറിൽ നിന്നും സുരക്ഷ ലഭിക്കാൻ സ്‌കിൻ ടാന്നിംഗാണ് നല്ലതെന്ന അഭിപ്രായം ശ്വാസകോശ കാൻസറിൽ നിന്നും രക്ഷനേടാൻ ഒരു പാക്കറ്റ് സിഗററ്റ് പുകയ്ക്കുന്നതിന് തുല്യമാണെന്നും ഡോക്ടർ വ്യക്തമാക്കി.

Content Highlights: Does Sunscreen cause Skin Cancer, here is the answer

dot image
To advertise here,contact us
dot image