
പാട്‌ന: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ടെലഗ്രാഫ് എഡിറ്ററുമായ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു. 63 വയസായിരുന്നു. കുറച്ച് കാലമായി അസുഖ ബാധിതനായിരുന്നു. പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത അടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് മരണവിവരം സമൂഹമാധ്യമങ്ങളിലുടെ അറിയിച്ചത്. നിരവധിപ്പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്.
കോണ്‍ഗ്രസ് നേതാവ് ജയ്‌റാം സംഘര്‍ഷന്‍ താക്കൂറിന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. 'താരതമ്യേന ചെറിയ പ്രായത്തില്‍ അന്തരിച്ച ടെലഗ്രാഫിന്റെ എഡിറ്റര്‍ സംഘര്‍ഷന്‍ താക്കൂര്‍ മികച്ച എഴുത്തുകാരനായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ബിഹാറിനെയും ജമ്മു കശ്മീരിനെയും കുറിച്ചുള്ള നിരവധി ലേഖനങ്ങള്‍ അദ്ദേഹത്തിന്റെ പ്രശസ്തി അടയാളപ്പെടുത്തി. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ അറിവ് പകര്‍ന്ന് നല്‍കി. ലിബറല്‍, ജനാധിപത്യ, മതേതര, ബഹുസ്വര ഇന്ത്യയ്ക്ക് അതിന്റെ ശക്തരായ പ്രതിരോധക്കാരില്‍ ഒരാളെ നഷ്ടമായി', ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.
Sankarshan Thakur, editor of The Telegraph who has just passed away at a relatively young age, was a delightfully brilliant writer. He was a very incisive analyst of Indian politics and his numerous articles on Bihar as well as J&K established his reputation.
— Jairam Ramesh (@Jairam_Ramesh) September 8, 2025
Over the many…
1962ല്‍ പാട്‌നയിലായിരുന്നു സംഘര്‍ഷന്‍ താക്കൂറിന്റെ ജനനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജനാര്‍ധന്‍ താക്കൂറിന്റെ മകനാണ്. 1984ല്‍ സണ്‍ഡേ മാഗസിനിലൂടെയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസ്, തെഹല്‍ക്ക എന്നിവിടങ്ങളില്‍ എഡിറ്റോറിയല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിര്‍ഭയമായ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങാണ് സംഘര്‍ഷന്‍ താക്കൂറെന്ന മാധ്യമപ്രവര്‍ത്തകനെ അടയാളപ്പെടുത്തിയത്.
കാര്‍ഗില്‍ യുദ്ധ ഭൂമിയിലെയും കശ്മീരിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നും ബിഹാറിലെ രാഷ്ട്രീയ ഭൂമിയില്‍ നിന്നുമുള്ള താക്കൂറിന്റെ റിപ്പോര്‍ട്ടിങ്ങുകള്‍ ശ്രദ്ധയാകര്‍ഷിച്ചു. ഭോപ്പാല്‍ ഗ്യാസ് ദുരന്തം, 1984ലെ കലാപം, ഇന്ദിരാഗാന്ധിയുടെ കൊലപാതകം, ശ്രീലങ്കന്‍ യുദ്ധം, മാല്‍ദ്വീപ് അട്ടിമറി എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2001ല്‍ പ്രേം ഭാട്ടിയ പുരസ്‌കാരവും 2003ല്‍ അപ്പന്‍ മേനോന്‍ ഫെല്ലോഷിപ്പും കരസ്ഥമാക്കി.
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവചരിത്രമായ 'സബാള്‍ട്ടേണ്‍ സാഹേബ്' രചിച്ചിട്ടുണ്ട്. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിച്ച് കൊണ്ട് 'ദ ബ്രദേര്‍സ് ബിഹാറി' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധം, പാകിസ്താന്‍, ഉത്തര്‍പ്രദേശിലെ ദുരഭിമാനക്കൊല എന്നിവയെക്കുറിച്ചുള്ള ദീര്‍ഘ ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
Content Highlights: The Telegraph Editor veteran Journalist Sankarshan Thakur passed away