
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ചൊവന്നൂര്‍ മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച വിഷയത്തില്‍ കേരള പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. സിനിമാ സ്റ്റൈലിലാണ് അലോഷ്യസിന്റെ വിമര്‍ശനം.
'ജോര്‍ജ് സാറിന്റെ പണി കേരള പൊലീസ് എടുത്താല്‍, ബെന്‍സിന്റെ പണി ഞങ്ങള്‍ എടുക്കും…!' എന്ന് അലോഷ്യസ് ഫേസ്ബുക്കില്‍ കുറിച്ചു. വി എസ് സുജിത്തിനെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ച് പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. നീ ആരാണ് ഇടപെടാന്‍ എന്ന് ചോദിച്ച പൊലീസ്, തന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് ജീപ്പില്‍ കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും സുജിത്ത് പറഞ്ഞു.
'മര്‍ദനത്തിന് പിന്നാലെ ഇടത് ചെവിക്ക് കേള്‍വി പ്രശ്‌നം നേരിട്ടു. എസ് ഐയുടെ നിര്‍ദേശപ്രകാരമാണ് പൊലീസുകാര്‍ മര്‍ദിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകനായതിനാലാകാം എന്നെ മര്‍ദിച്ചത്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പറയുന്നത് കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ല. സിസിടിവിയില്‍ കാണുന്നതിന് പുറമെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കൊണ്ടുപോയി മര്‍ദിച്ചു. ചുമരിനോട് ചേര്‍ത്ത് ഇരുത്തി കാല്‍ നീട്ടിവെപ്പിച്ച് കാലിനടിയില്‍ ലാത്തികൊണ്ട് തല്ലി. തല്ലിയതിന് ശേഷം നിവര്‍ന്ന് നിന്ന് ചാടാന്‍ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാന്‍ ചോദിച്ചെങ്കിലും തന്നില്ല. മജിസ്ട്രേറ്റിന് മുന്നിലാണ് പൊലീസ് മര്‍ദനത്തെകുറിച്ച് തുറന്നു പറഞ്ഞതെന്നും ശരീരം മോശം അവസ്ഥയിലായിരുന്നുവെന്നും സുജിത്ത് പറഞ്ഞു.
Content Highlights: KSU State President Aloshious Xavier criticizes Kerala Police and Government