യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് തൃശൂരിൽ എത്തും

യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
dot image

തൃശൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് തൃശൂരില്‍ എത്തി സുജിത്തിനെയും ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും കാണും. ഇതിന് ശേഷമായിരിക്കും ഭാവി പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കുക.

സുജിത്തിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സമാനമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മര്‍ദ്ദനമേറ്റവരെ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ലക്ഷ്യംവെയ്ക്കുന്നുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമാക്കി പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

2023 നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയായിരുന്നു പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് സുജിത്ത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു സുജിത്തിന് ക്രൂരമര്‍ദ്ദനമേറ്റത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം സുജിത്തിന് തന്നെയായിരുന്നു ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചായിരുന്നു സംഭവം നടന്നത്.

വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്‌മാന്‍, സുജിത്തിനെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരും സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു. ജീപ്പില്‍ നിന്ന് സുജിത്തിനെ ഇറക്കി ഉള്ളിലേക്ക് കയറ്റുമ്പോള്‍ തന്നെ പൊലീസുകാര്‍
മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി. പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ പൊലീസ് ഈ പരാതിയില്‍ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുത്തു.

സുജിത്ത് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. സുജിത്ത് നല്‍കിയ അപ്പീല്‍ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടു. വിവരാവകാശ കമ്മീഷന്‍ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ടു. തുടര്‍ന്ന് സുജിത്ത് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ നല്‍കാവാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights- Congress will protest against kunnamkulam police over police attack against youth congress leader

dot image
To advertise here,contact us
dot image