മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ലീഗ് അഹോരാത്രം പ്രവർത്തിച്ചുവെന്ന് പികെ ബഷീർ എംഎൽഎ,നിർമാണ പ്രവർത്തനങ്ങൾ ഇന്നുമുതൽ

എല്ലാ നിയമപ്രശ്നങ്ങളും പരിഹരിച്ചുവെന്നും നിർമ്മാണ പ്രവൃത്തികൾ നടത്താൻ അനുമതി ലഭിച്ചുവെന്നും പി കെ ബഷീർ എംഎൽഎ കൂട്ടിച്ചേർത്തു

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ലീഗ് അഹോരാത്രം പ്രവർത്തിച്ചുവെന്ന് പികെ ബഷീർ എംഎൽഎ,നിർമാണ പ്രവർത്തനങ്ങൾ ഇന്നുമുതൽ
dot image

മലപ്പുറം: മുണ്ടക്കൈ-ചൂരൽമല ദുരന്തം ഉണ്ടായ ദിവസം മുതൽ പുനരധിവാസവുമായി ബന്ധപ്പെട്ട്

മുസ്‌ലിം ലീഗ് പ്രവർത്തിക്കുന്നുണ്ടെന്ന് ലീഗ് പുനരധിവാസ പദ്ധതി ഉപസമിതി കൺവീനർ പി കെ ബഷീർ എംഎൽഎ റിപ്പോർട്ടറിനോട്. പുനരധിവാസത്തിന് ലീഗ് അഹോരാത്രം പ്രവർത്തിച്ചിട്ടുണ്ട്. ലീഗിന്റെ ഭവന സമുച്ചയ പദ്ധതിക്ക് വേണ്ടി പല ഭൂമികളും നോക്കിയിരുന്നു. പലതിനും നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അഞ്ച് പാർട്ടികളുടെ കയ്യിൽ നിന്നാണ് 11 ഏക്കർ ഭൂമി വാങ്ങിയത്. ആ ഭൂമിക്കും പലരും നിയമപ്രശ്നങ്ങൾ പറഞ്ഞു. എല്ലാ നിയമപ്രശ്നങ്ങളും പരിഹരിച്ചുവെന്നും നിർമ്മാണ പ്രവൃത്തികൾ നടത്താൻ അനുമതി ലഭിച്ചുവെന്നും പി കെ ബഷീർ എംഎൽഎ കൂട്ടിച്ചേർത്തു. സർക്കാർ ലിസ്റ്റിൽ ഉള്ളവർക്കാണ് വീട് നിർമ്മിച്ചു നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായുള്ള വീടുകളുടെ നിർമ്മാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും. ചിലർ അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കിയതന്നും എട്ട് മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും പിഎംഎ സലാം റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ മുട്ടിൽ-മേപ്പാടി റോഡരികിലാണ് ലീഗിന്റെ ഭവന സമുച്ചയ നിർമ്മാണം. ഇരുനില കെട്ടിടത്തിന് ആവശ്യമായ അടിത്തറയോടെ എട്ട് സെന്റ് ഭൂമിയിൽ ആയിരം സ്ക്വയർ ഫീറ്റിൽ 105 വീടുകൾ നിർമ്മിക്കാനാണ് മുസ്‌ലീം ലീഗ് ഒരുങ്ങുന്നത്. ഒരു കുടുംബത്തിന് എട്ടുസെന്റില്‍ 1000 ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന വീട്ടില്‍ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യവും ഉറപ്പാക്കും. എട്ടുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആര്‍ക്കിടെക്ട് ടോണിയുടെ നേതൃത്വത്തിലുള്ള സപതി അര്‍ക്കിടെക്‌സാണ് ഭവനപദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കിയത്.

ഉച്ചക്ക്‌ രണ്ട് മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കും. ലീഗ് ദേശീയ-സംസ്ഥാന- ജില്ല ഭാരവാഹികൾ പങ്കെടുക്കും. ലീഗ് ഏറ്റെടുത്ത ഭൂമിയിൽ നിയമക്കുരുക്ക് അടക്കമുള്ള വിഷയങ്ങൾ വിവാദമായിരുന്നു. എന്നാൽ എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയാണ് നിർമ്മാണ പ്രവൃത്തികളെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്‌സ് എന്നിവർക്കാണ് നിർമ്മാണ ചുമതല. എട്ടുമാസത്തിനകം മുഴുവൻ വീടുകളും നിർമ്മിച്ച് കൈമാറാനാണ് ലീഗ് ലക്ഷ്യമിടുന്നത്.

Content Highlights: Wayanad rehabilitation by league starts today

dot image
To advertise here,contact us
dot image