ഭാര്യയ്ക്ക് തണലാവാൻ സ്വയം വിരമിച്ച് എസ്ഐ; ആശുപത്രിയിലെത്തി യാത്രയയപ്പൊരുക്കി സഹപ്രവർത്തകർ

വിരമിക്കാൻ ഒരു വർഷം ബാക്കിനിൽക്കെയാണ് വെള്ളയാംകുടി പുത്തൻപുരയ്ക്കൽ അശോകൻ സ്വയം വിരമിച്ചത്

ഭാര്യയ്ക്ക് തണലാവാൻ സ്വയം വിരമിച്ച് എസ്ഐ; ആശുപത്രിയിലെത്തി യാത്രയയപ്പൊരുക്കി സഹപ്രവർത്തകർ
dot image

കട്ടപ്പന: രോഗക്കിടക്കയിലായ ഭാര്യയെ ശുശ്രൂഷിക്കാൻ എസ്ഐ ജോലി ഉപേക്ഷിച്ച് വണ്ടൻമേട് പൊലീസ് സ്‌റ്റേഷനിലെ എസ്ഐ കെ അശോകൻ. വിരമിക്കാൻ ഒരു വർഷം ബാക്കിനിൽക്കെയാണ് വെള്ളയാംകുടി പുത്തൻപുരയ്ക്കൽ അശോകൻ സ്വയം വിരമിച്ചത്.

കെഎസ്എഫ്ഇ കട്ടപ്പന ശാഖയിലെ അസിസ്റ്റന്റ് മാനേജറായിരുന്ന അശോകന്റെ ഭാര്യ ജയന്തിക്ക് മൂന്ന് മാസം മുമ്പാണ് സ്ട്രോക്ക് വന്നത്. ആദ്യം വലതുവശം തളർന്നപ്പോൾ ചികിത്സയിലൂടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും അതിനിടെ ഇടതുവശം തളരുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം എറണാകുളം അമൃത ആശുപത്രിയിൽ കഴിയുന്ന ഭാര്യയുടെ പരിചരണത്തിന് അശോകൻ മറ്റാരെയും തേടിയില്ല. ആ​ഗസ്റ്റ് ആദ്യം വിആർഎസിന് അപേക്ഷ നൽകി സ്വയം വിരമിക്കുകയായിരുന്നു.

ഇന്നലെയായിരുന്നു ജോലിയിലെ അവസാനദിനം. ഭാര്യയുടെ അടുത്തുനിന്നു മാറിനിൽക്കാൻ കഴിയാത്തതിനാൽ യാത്രയയപ്പു ചടങ്ങിനുപോലും സ്‌റ്റേഷനിൽ എത്താൻ കഴിയാതെ വന്നതിനാൽ സഹപ്രവർത്തകർ ആശുപത്രിയിലെത്തി എസ്ഐക്ക് അപൂർവ യാത്രയയപ്പുമൊരുക്കുകയായിരുന്നു. ആശുപത്രി അധികൃതർ അതിനു സൗകര്യമൊരുക്കിയതോടെ സംഭവം കളറായി.

32 വർഷത്തെ സേവനത്തിന് ശേഷമാണ് സർവീസ് അവസാനിപ്പിക്കുന്നത്. ഇവരുടെ ഏകമകൻ അഖിൽ അശോക് തിരുവനന്തപുരത്ത് സിവിൽ സർവീസസ് പരീക്ഷാ പരിശീലനത്തിലാണ്. വണ്ടൻമേട് എസ്എച്ച്ഒ എ ഷൈൻകുമാർ, എസ്ഐ വിനോദ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ് നടത്തിയത്.

Content Highlight : SI retires to care for his wife; colleagues arrive at the hospital to prepare for his departure

dot image
To advertise here,contact us
dot image