മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; വില കൂടിയാലും കുഴപ്പമില്ല,ഏറ്റവും സൂപ്പർ ലാൻഡ് ഞങ്ങളുടേത്: പി കെ കുഞ്ഞാലിക്കുട്ടി

'വീട് നിര്‍മാണം തടസ്സപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. അതിന് കഴിയില്ല'

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; വില കൂടിയാലും കുഴപ്പമില്ല,ഏറ്റവും സൂപ്പർ ലാൻഡ് ഞങ്ങളുടേത്: പി കെ കുഞ്ഞാലിക്കുട്ടി
dot image

മലപ്പുറം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്‌ലിം ലീഗ് കണ്ടെത്തിയത് പെര്‍ഫെക്ട് ഭൂമിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഏറ്റവും സൂപ്പര്‍ ലാന്‍ഡ് തങ്ങളുടേതാണ്. കുറച്ച് വില കൂടിയാലും കുഴപ്പമില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടടക്കം പറഞ്ഞ് ഉണ്ടാക്കുന്നതിനുമപ്പുറം ഒരു നിയമക്കുരുക്കുമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

സര്‍ക്കാര്‍ വീട് നിര്‍മിക്കുന്നതും തങ്ങളുടേതിന് സമാനമായ ഭൂമിയിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട്ടില്‍ ഇത്തരത്തിലുള്ള ഭൂമിയേയുള്ളൂ. വീട് നിര്‍മാണം തടസ്സപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. അതിന് കഴിയില്ല. നിശ്ചിത സമയത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ലീഗിന്റെ ഭവന സമുച്ചയ പദ്ധതിക്ക് വേണ്ടി പല ഭൂമികളും നോക്കിയിരുന്നുവെന്നും എന്നാല്‍ പലതിലും നിയമപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ലീഗ് പുനരധിവാസ പദ്ധതി ഉപസമിതി കണ്‍വീനര്‍ പി കെ ബഷീര്‍ എംഎല്‍എയും പറഞ്ഞു. അഞ്ച് പാര്‍ട്ടികളുടെ കയ്യില്‍ നിന്നാണ് പതിനൊന്ന് ഏക്കര്‍ ഭൂമി വാങ്ങിയത്. ആ ഭൂമിക്കും പലരും നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചു. എല്ലാ നിയമപ്രശ്‌നങ്ങളും പരിഹരിച്ചു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്നുവെന്നും പി കെ ബഷീര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

മേപ്പാടി വെള്ളിത്തോടായിരുന്നു മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിനായി ലീഗ് ഭൂമി ഏറ്റെടുത്തത്. സര്‍ക്കാര്‍ മാതൃകയില്‍ ആയിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വീട് നിര്‍മിക്കുമെന്നായിരുന്നു ലീഗ് അറിയിച്ചിരുന്നത്. വീടുകള്‍ക്കൊപ്പം ഒരു കമ്മ്യൂണിറ്റി സെന്റര്‍ പാര്‍ക്ക് ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. പ്രധാന റോഡിനോട് ചേര്‍ന്നായിരുന്നു ഭവന സമുച്ചയം. വീടുകളിലേക്ക് റോഡ്, കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളുണ്ടാകുമെന്നും ലീഗ് പറഞ്ഞിരുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ച് 105 ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടെ പുനരധിവാസ പദ്ധതിക്ക് എതിരായി റവന്യു വകുപ്പിന്റെ നോട്ടീസ് വന്നു. ഇതോടെ ലീഗ് നേതൃത്വം നിയമനടപടി സ്വീകരിക്കുകയായിരുന്നു.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും മുസ്ലിം ലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് അര്‍ഹരെ കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു ലീഗ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് അടുക്കുമ്പോഴും ലീഗിന്റെ പ്രഖ്യാപനം എങ്ങുമെത്തിയില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ മനഃപൂര്‍വ്വം പദ്ധതിക്ക് തടയിടുകയാണെന്നായിരുന്നു മുസ്ലിം ലീഗ് പറഞ്ഞത്. നിയമനടപടികള്‍ക്കൊടുവിലാണ് പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് മുസ്ലിം ലീഗ് കടന്നിരിക്കുന്നത്.

Content Highlights- P K Kunjalikutty on muslim leagues mundakai-chooralmala rehabitation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us