
ഇംഗ്ലീഷ് പ്രീമിയർ ലീഗ് റെക്കോർഡുകൾ തകർത്ത് ന്യൂകാസിൽ യുണൈറ്റഡിന്റെ സ്വീഡിഷ് സ്ട്രൈക്കർ അലക്സാണ്ടർ ഇസാക്കിനെ സ്വന്തമാക്കി ലിവർപൂൾ. ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് 125 മില്യൺ പൗണ്ടിനാണ് ലിവർപൂൾ താരത്തെ ആൻഫീൽഡിൽ എത്തിച്ചത്. എൻസോ ഫെർണാണ്ടസിനായി ചെൽസി മുമ്പ് സ്ഥാപിച്ച റെക്കോർഡാണ് ഈ കൈമാറ്റത്തിലൂടെ തകർന്നത്.
കഴിഞ്ഞ സീസണിൽ 42 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഇസാക്ക്. താൻ ന്യൂകാസിൽ വിടുകയാണെന്ന് താരം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ താരവുമായി വേർപിരിയുന്നത് സംബന്ധിച്ച് ക്ലബ്ബും താരവും തമ്മിൽ മാസങ്ങളോളം തർക്കങ്ങളുണ്ടായിരുന്നു. എന്നാൽ, നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനൊപ്പം ചേരാനുള്ള ഇസാക്കിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ് ഒടുവിൽ ന്യൂകാസിൽ സമ്മതം മൂളുകയായിരുന്നു.
ഇസാക്കിനെ കൂടാതെ ഫ്ലോറിയൻ വിർട്സ്, ഹ്യൂഗോ എകിറ്റികെ, മിലോസ് കെർകെസ്, ജെറമി ഫ്രിംപോങ്, ജിയോവാനി ലിയോണി തുടങ്ങിയ പ്രമുഖ താരങ്ങളെയും ലിവർപൂൾ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കി. 250 മില്യൺ പൗണ്ടിനു മുകളിലാണ് ക്ലബ് ഈ സമ്മറിൽ ഇതുവരെയായി ചിലവഴിച്ചത്.
Content Highlights:Liverpool reach Alexander Isak agreement with Newcastle -