
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വാങ്ങിയെടുക്കാന്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം. സമ്മര്‍ദ്ദം ചെലുത്തി സീറ്റ് വാങ്ങിയെടുക്കാന്‍ എംഎല്‍എമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.
യുഡിഎഫ് ക്ഷണിക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് കടുംപിടുത്തം ഉണ്ടാവില്ലെന്ന് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ അംഗസംഖ്യ കൂട്ടിയില്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് വിലപേശല്‍ ശേഷി കുറയുമെന്ന് നേതൃത്വം വിലയിരുത്തി.
പട്ടയഭൂമി ഭൂപതിവുചട്ടഭേദഗതി തീരുമാനം കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രഭങ്ങളില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മലയോര മേഖലയില്‍ പാര്‍ട്ടിക്ക് മേല്‍ക്കൈ നേടാന്‍ സര്‍ക്കാര്‍ തീരുമാനം ഉപകരിക്കുമെന്നും യോഗം വിലയിരുത്തി.
സര്‍ക്കാര്‍ നടത്തുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാകണം. താഴെതട്ടിലുള്ള കമ്മിറ്റികള്‍ സജ്ജമാക്കണമെന്ന് നിര്‍ദേശിച്ചു. മൂന്നാം ഇടതുമുന്നണി സര്‍ക്കാര്‍ എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Content Highlights: Kerala Congress MLA determined to win more seats in local body elections