
നടന്‍ ജയസൂര്യയുടെ ജന്മദിനമായ ഇന്നലെ നടന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമായ കത്തനാരുടെ പോസ്റ്റര്‍ റിലീസായിരുന്നു. കത്തനാരായി എത്തുന്ന ജയസൂര്യ ഒരു പാറയ്ക്ക് മുകളില്‍ നില്‍ക്കുന്ന നിലയിലായിരുന്നു ഈ പോസ്റ്റര്‍. ഇപ്പോഴിതാ ആ പോസ്റ്ററിലെ ബ്രില്യന്‍സ് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍, പാറ ഒരു സ്ത്രീയുടെ മുഖത്തിന്റെ രൂപത്തിലാണെന്ന് വ്യക്തമാകും. ഇത് കള്ളിയാങ്കാട്ട് നീലിയാണോ എന്നാണ് ചോദ്യമുയരുന്നത്. കത്തനാരെ കുറിച്ചുള്ള കഥകളിലെ പ്രധാന കഥാപാത്രം കള്ളിയാങ്കാട്ട് നീലിയാണ് എന്നതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ലോക എന്ന ചിത്രത്തിലും കള്ളിയാങ്കാട്ട് നീലിയും കത്തനാരും കടന്നുവരുന്നുണ്ട്. അതുകൊണ്ട് കത്തനാരും ലോകയും തമ്മില്‍ എന്നെങ്കിലുമൊക്കെ ഒരു ക്രോസ് ഓവര്‍ സാധ്യത ഉണ്ടാകുമോ എന്നാണ് പലരുടെയും ചോദ്യം. ലോകയില്‍ ഈ കഥകളെ അവതരിപ്പിച്ചതില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടായിരിക്കാം കത്തനാരില്‍ ഈ കഥാപാത്രങ്ങള്‍ എത്തുക എന്നാണ് കരുതപ്പെടുന്നത്.
കത്തനാര്‍ പോസ്റ്ററിലെ ബ്രില്യന്‍സിന് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന കളങ്കാവല്‍ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററുമായും ആളുകള്‍ ബന്ധപ്പെടുത്തുന്നുണ്ട്. ഒരു ചിലന്തിവലയുടെ ബാക്ക്‌ഡ്രോപ്പില്‍ മമ്മൂട്ടി കസേരയില്‍ ഇരിക്കുന്ന ചിത്രവുമായി എത്തിയ കളങ്കാവല്‍ പോസ്റ്ററുമായാണ് താരതമ്യം നടക്കുന്നത്. ചിലന്തിവലയില്‍ മറഞ്ഞുവെച്ച സ്ത്രീകളുടെ മുഖങ്ങളായിരുന്നു ഈ പോസ്റ്ററിലെ ബ്രില്യന്‍സ്.
മലയാളത്തില്‍ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രങ്ങളിലൊന്നാണ് കത്തനാര്‍. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യയുടെ 'കത്തനാര്‍ - ദി വൈല്‍ഡ് സോഴ്‌സറര്‍' എന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയും പ്രഭുദേവയുമാണ മറ്റു പ്രധാനതാരങ്ങള്‍. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഓപ്പണിങ് കളക്ഷന്‍ മുതലുള്ള എല്ലാ മലയാളം റെക്കോര്‍ഡും തകര്‍ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
Content Highlights: Kathanar, Kalamkaval, Lokah - social media finds out similarities