രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതിക്കാരനെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച്

രാഹുലിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതിക്കാരനെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച്
dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. രാഹുലിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. ഷിന്റോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുകയാണ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ഷിന്റോ പരാതി നല്‍കിയത്. ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുല്‍ നടത്തിയതെന്ന് ഷിന്റോ സെബാസ്റ്റ്യന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച യുവതിയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുമെന്ന് വിവരമുണ്ട്. നേരിട്ട് പരാതി നല്‍കിയിട്ടില്ലെങ്കിലും അതിജീവിത മൊഴി നല്‍കുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. ലൈംഗിക പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കും. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച സിനിമാതാരവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കുമെന്നാണ് വിവരം.

പൊതുപ്രവര്‍ത്തകന്‍ എ എച്ച് ഹഫീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തത്. നാല് മാസം വളര്‍ച്ചയെത്തിയ ശിശുവിനെ ഭ്രൂണഹത്യ ചെയ്യാന്‍ ഭീഷണിപ്പെടുത്തി, അനുനയം വിജയിക്കാതെ വന്നപ്പോള്‍ ചവിട്ടിക്കൊല്ലാന്‍ അധിക സമയം വേണ്ടെന്ന് പറഞ്ഞു തുടങ്ങിയ കാര്യങ്ങളായിരുന്നു ഹഫീസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി സോഷ്യല്‍മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ സന്ദേശങ്ങള്‍ അയച്ചു, ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് രണ്ട് തട്ടിലാണ്. രാഹുലിന് സംരക്ഷണം ഒരുക്കരുതെന്ന് ഒരു വിഭാഗം നിലപാട് സ്വീകരിക്കുമ്പോള്‍ മാറ്റിനിര്‍ത്തുന്നതില്‍ ഷാഫി പറമ്പിലും ഒരു വിഭാഗം നേതാക്കളും അതൃപ്തരെന്നാണ് വിവരം. ഇത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നത പുകയുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍ എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. രാഹുലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്നും ഇവര്‍ നിലപാട് സ്വീകരിക്കുന്നു. ഗര്‍ഭഛിദ്രം അടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ സ്ത്രീകള്‍ക്കൊപ്പമെന്ന നിലപാട് ഉയര്‍ത്തി രാഹുല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇനിയും സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ രാഹുലിനെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. രാഹുലിനെതിരായ സസ്‌പെന്‍ഷന്‍ നടപടി അനാവശ്യമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ വാദിക്കുന്നു. രാഹുലിനെ ഒപ്പം നിര്‍ത്തണമെന്ന പ്രവര്‍ത്തകരുടെ വികാരം മാനിച്ചില്ലെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. രാഹുലിനെ മണ്ഡലത്തില്‍ എത്തിക്കാനും എ ഗ്രൂപ്പില്‍ ശക്തമായ നീക്കം നടക്കുന്നതായാണ് വിവരം. മണ്ഡലത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില് ഏറെ നാള്‍ വിട്ടുനില്‍ക്കുന്നത് പ്രതിസന്ധിയിലാക്കുമെന്നും എ ഗ്രൂപ്പ് വിലയിരുത്തുന്നു. രാഹുലിനെ പൂര്‍ണമായും തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. രാഹുലിനെതിരായ സസ്‌പെന്‍ഷന്‍ നടപടി ഉചിതമെന്ന നിലപാടിയാണ് കോണ്‍ഗ്രസ് നേതൃത്വം.

Content Highlights- Crime branch takes statement of complainent over case against rahul mamkootathil

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us