
ഇന്‍സ്റ്റഗ്രാമില്‍ സെലിബ്രിറ്റികള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കണ്ട് സ്വയം അവരുമായി താരതമ്യം ചെയ്യാറുണ്ടോ നിങ്ങള്‍..എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. അതെല്ലാം ഒരു ക്യാമറ ടെക്‌നിക്ക് അല്ലേ എന്നുപറഞ്ഞിരുന്ന കാലത്തുനിന്ന് ഫില്‍റ്ററുകളും,ഫോട്ടോഷോപ്പും മറ്റ് എഡിറ്റിങ് ടൂളുകളും മേക്കപ്പും ആംഗിളുകളും എല്ലാം തികഞ്ഞെടുക്കുന്ന മനോഹരമായ ഫോട്ടോഗ്രാഫുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാലമാണ് ഇത്. എന്നിട്ട് ഇന്നും പണ്ട് സെലിബ്രിറ്റികളുടെ ചിത്രങ്ങളുമായി വരുന്ന മാഗസിനുകള്‍ കണ്ട് നെടുവീര്‍പ്പിട്ടിരുന്ന പോലെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ അവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കണ്ട് ആത്മവിശ്വാസം കെടുത്തുന്നതില്‍ നിന്ന് നാം മുന്നോട്ടുപോയിട്ടില്ല. സെലിബ്രിറ്റികളുടെ തന്നെ നാച്വറല്‍ ലുക്കില്‍ നിന്ന് ഒരുപാട് അകലമുണ്ട് അവരുടെ തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക്. ഇതൊന്നും നമുക്ക് അറിയാത്തതല്ല. പക്ഷെ കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്ന സൗന്ദര്യവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളില്‍ നിന്ന് പുതുതലമുറയില്‍ ഉള്‍പ്പെടുന്നവര്‍ വരെ പുറത്തുകടന്നിട്ടില്ല. അതിന് ഒരു പ്രധാന കാരണം വളരെ ചെറുപ്പത്തില്‍ അപരിചിതരില്‍ നിന്നും പീര്‍ ഗ്രൂപ്പില്‍ നിന്നും തന്നെ നേരിടേണ്ടി വരുന്ന ബോഡിഷെയ്മിങ്ങാണ്.
പക്ഷെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. നിങ്ങള്‍ ആരാധിക്കുന്ന ഈ സെലിബ്രിറ്റികളില്‍ പലരും സമാനമായ രീതിയില്‍ ബോഡി ഷെയ്മിങ്ങ് നേരിട്ടിട്ടുള്ളവരാണ്. ജെന്‍ സി സ്‌റ്റൈല്‍ ഐക്കണായ അനന്യ പാണ്ഡെ മുതല്‍ വിദ്യ ബാലനും, സോനാക്ഷി സിന്‍ഹയും സണ്ണി ലിയോണും വരെ ആ പട്ടികയില്‍ ഉണ്ട്. മിസ് വേള്‍ഡ് കിരീടം അണിഞ്ഞ പ്രിയങ്ക ചോപ്ര പോലും മൂക്ക് കാണാന്‍ ഭംഗിയില്ലെന്ന ആക്ഷേപം കേട്ടിട്ടുള്ളയാളാണ്. പഠനകാലത്തുണ്ടായിരുന്ന ബോഡി ഇന്‍സെക്യൂരിറ്റീസിനെ കുറിച്ച് സണ്ണി ലിയോണ്‍ രംഗത്തുവന്നതോടെ ബോഡി ഇമേജ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസമുണ്ടായിരിക്കുക എന്നുപറയുന്നത് അത്ര എളുപ്പമുള്ള ഒരു സംഗതിയല്ലെന്ന് തുറന്നുപറഞ്ഞിട്ടുള്ള സെലിബ്രിറ്റികളില്‍ ഒരാളാണ് സണ്ണി. ഒരിക്കലും സ്വന്തം കാലുകളില്‍ അവര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ലത്രേ.
'ചെറുപ്പത്തില്‍ ഞാനെന്റെ കാലുകളെ വെറുത്തിരുന്നു. വൈറ്റ് സ്‌കൂളിലാണ് പഠിച്ചുവളര്‍ന്നത്. എല്ലായ്‌പ്പോഴും അതിനാല്‍ വെളുത്ത ചര്‍മമുള്ള സഹപാഠികളുമായി ഞാന്‍ സ്വയം താരതമ്യം ചെയ്യുമായിരുന്നു. എനിക്ക് കറുത്ത, കട്ടിയുള്ള പഞ്ചാബി മുടിയാണ് ഉണ്ടായിരുന്നത്. എന്റെ കാലുകള്‍ പുറത്തുകാണുന്നത് ഞാന്‍ വെറുത്തിരുന്നു. വലുതായപ്പോഴാണ് അത് അത്ര മോശമല്ലെന്ന് ഞാന്‍ മനസ്സിലാക്കിയത്. ഇപ്പോള്‍ ചെറിയ പാവാടകള്‍ ഇടുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്.'സണ്ണി പറയുന്നു.
'കോസ്‌മെറ്റിക് സര്‍ജറിയെ കുറിച്ചും അവര്‍ വാചാലയാകുന്നുണ്ട്. പ്രായം കടന്നുപോകുമ്പോള്‍ അതിനെ പിടിച്ചുകെട്ടാന്‍ പലരും പല വഴികളും സ്വീകരിക്കും. ഇന്‍ജെക്ഷന്‍, ഫില്ലര്‍, ലേസര്‍, മറ്റെന്തെങ്കിലും പ്രൊസീജര്‍, സ്‌കീന്‍ ടൈറ്റനിങ്, ഫിക്‌സിങ് നിങ്ങള്‍ക്ക് സന്തോഷം തരുന്നത്, നല്ലതെന്ന് തോന്നുന്നത് ചെയ്യണം. അതില്‍ ഖേദിക്കേണ്ട കാര്യമില്ല' സണ്ണി പറഞ്ഞു.
ഭാരം എന്ന് പറയുന്നത് ഒരു ദേശീയ പ്രശ്‌നമാണ് എന്നാണ് ഒരിക്കല്‍ വിദ്യാബാലന്‍ പറഞ്ഞിട്ടുള്ളത്. കഠിന ഡയറ്റ് എടുത്തിട്ടും വ്യായാമങ്ങള്‍ ചെയ്തിട്ടും ശരീരത്തിന്റെ ഭാരം കുറയാത്തതില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവരില്‍ ഒരാളാണ് വിദ്യാബാലന്‍.'ഒരുപാട് കാലം ഞാനെന്റെ ശരീരത്തെ വെറുത്തിരുന്നു. ഞാനെല്ലായ്‌പ്പോഴും ഒരു തടിച്ചിയായിരുന്നു.' ഷൂട്ടിങ് സെറ്റുകളില്‍ ഭാരക്കൂടുതല്‍ കാരണം സെല്‍ഫ് കോണ്‍ഷ്യസ് ആയി കണ്ണാടിയില്‍ പോലും നോക്കാന്‍ മടിച്ചിരുന്ന ഒരു കാലം വിദ്യാബലന് ഉണ്ടായിരുന്നു. പക്ഷെ ഇതേ വിദ്യാബാലന്‍ പിന്നീട് തന്റെ ശരീരഭാരത്തെ അംഗീകരിക്കുന്ന ഒരു കാഴ്ചയും ആരേയും ഞെട്ടിക്കുന്ന ഒരു ട്രാന്‍സ്‌ഫോര്‍മേഷനിലൂടെ തിരിച്ചുവന്ന കാഴ്ചയും നാം കണ്ടു.
ബോളിവുഡില്‍ കണ്ടുശീലിച്ച മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരാളായിരുന്നില്ല പരിനീതി ചോപ്ര.'എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷെ, ഒരിക്കലും ഞാന്‍ എന്റെ ലുക്കില്‍ സന്തോഷവതിയായിരുന്നില്ല. എന്റെ ഫോട്ടോകള്‍ നോക്കുമ്പോഴും സിനിമകള്‍ കാണുമ്പോഴും കുറച്ചുകൂടി നല്ല രീതിയിലായിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.' ബോഡി ഇന്‍സെക്യൂരിറ്റിയെ കുറിച്ച് ഒരിക്കല്‍ പരിനീതി പറഞ്ഞത് ഇങ്ങനെയാണ്. കഷ്ടപ്പെട്ട് ഭാരം കുറച്ച ചിത്രം പങ്കുവച്ചുകൊണ്ട് അമിതഭാരമുള്ളവര്‍ക്കും തടികുറയ്ക്കാന്‍ സാധിക്കുമെന്ന് ഒരിക്കല്‍ പരിനീതി കാണിച്ചുതരികയുമുണ്ടായി. സൊനാക്ഷി സിന്‍ഹയും സമാനമായ രീതിയില്‍ തടികൂടുതലിന്റെ പേരില്‍ പലപ്പോഴായി പരിഹാസം നേരിടേണ്ടി വന്നിട്ടുള്ള ആളാണ്.
എന്നാല്‍ മെലിഞ്ഞുപോയതിന്റെ പേരില്‍, ഉയരം കാരണം അല്പം കുനിഞ്ഞുനടന്നതിന്റെ പേരില്‍ പരിഹാസം നേരിട്ട വ്യക്തിയാണ് അനന്യ പാണ്ഡെ. 11 വയസ്സുവരെ വളരെ ആത്മവിശ്വാസത്തോടെ, ഒരുപാട് സംസാരിക്കുന്ന ഒരാളായിരുന്നുവേ്രത അവള്‍. ഫ്‌ളാറ്റ് ടിവിയെന്നാണ് അനന്യയെ സഹപാഠികള്‍ പരിഹസിച്ചിരുന്നുത്. കൂനുള്ളവള്‍ എന്നര്‍ഥം വരുന്ന ഹഞ്ച്ബാക്ക്, ടൂത്ത്പിക്ക്, ലെഗ്, ചിക്കന്‍ ലെഗ് എന്നിങ്ങനെയും അവളെ പരിഹസിച്ചിരുന്നു. ഇതെല്ലാം തനിക്കുമാത്രം സംഭവിക്കുന്നതാണെന്നാണ് തുടക്കത്തില്‍ വിചാരിച്ചിരുന്നതെന്നും എന്നാല്‍ പിന്നീട് ഒരുപാട് പെണ്‍കുട്ടികളോട് സംസാരിച്ചപ്പോഴാണ് ഇത് തനിക്ക് മാത്രം സംഭവിച്ച ഒന്നല്ലെന്ന് മനസ്സിലായതെന്നും അനന്യ പറഞ്ഞിട്ടുണ്ട്.
സ്വന്തം ലുക്കില്‍ ആത്മവിശ്വാസമില്ലാതിരുന്ന കാലങ്ങളെ കുറിച്ച് താരസുന്ദരികള്‍ നടത്തിയ തുറന്നുപറച്ചില്‍ സ്വന്തം ശരീരത്തെ കുറിച്ച്, ലുക്കിനെ കുറിച്ച് അപകര്‍ഷതാബോധവുമായി നടക്കുന്ന ഒരുപാട്‌പേര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.
Content Highlights:Sunny Leone, Sonakshi Sinha, Vidya Balan, Ananya Pande.. Actresses Who Spoke About Body Image Issues