സത്യം പുറത്തുകൊണ്ടുവരുന്നവർക്കെതിരെ ആക്രമണം നടത്തുന്നത് യൂത്ത് കോണ്‍ഗ്രസ് ശൈലി: വി ശിവന്‍കുട്ടി

മാധ്യമങ്ങളെ അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യ സംവിധാനത്തിൽ നടക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

സത്യം പുറത്തുകൊണ്ടുവരുന്നവർക്കെതിരെ ആക്രമണം നടത്തുന്നത് യൂത്ത് കോണ്‍ഗ്രസ് ശൈലി: വി ശിവന്‍കുട്ടി
dot image

തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോയ്ക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമം കോൺഗ്രസിന്റെ സ്ഥിരം രീതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സത്യം പുറത്തുകൊണ്ടുവരുന്നവർക്കെതിരെ ആക്രമണം നടത്തുക എന്നതാണ് അവരുടെ ശൈലി. മാധ്യമങ്ങളെ അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യ സംവിധാനത്തിൽ നടക്കില്ല. മാധ്യമങ്ങളെ എത്ര ഉപദ്രവിച്ചാലും ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു. നിലവാരവും മര്യാദയും ഇല്ലാത്ത രീതിയിൽ സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളെ പോലും കോൺഗ്രസ് ആക്രമിക്കുന്നുണ്ട്. എന്നാൽ ഇത് പറഞ്ഞു വിലക്കാൻ ഒരു കോൺഗ്രസ് നേതാവ് പോലും ഇല്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം പന്തംകൊളുത്തിയാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് എറിഞ്ഞത്. ഇത് മുഖ്യമന്ത്രിയുടെ വീട് കത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. അവർ കലാപം ഉണ്ടാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലും കൂട്ടരും നടത്തുന്നത് ജനജീവിതത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ്. ഇതിന്റെ ഭാഗമായാണ് റിപ്പോർട്ടർ ടി വിക്കെതിരായ നീക്കം. ഒരു മാധ്യമവും തങ്ങൾക്കെതിരെ വിമർശനം നടത്തരുതെന്നാണ് അവർ ഉദ്ദേശിക്കുന്നത്. നിയമവിരുദ്ധമായ നടപടികളെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസിന് ന്യായവും നീതിയും സത്യവും നിയമങ്ങളും ബാധകമല്ല. എന്തും എവിടെയും ആകാമെന്നാണ് ധാരണ. നിലയ്ക്കുനിൽക്കണമെന്നും മാന്യമായും മര്യാദയ്ക്കും പെരുമാറണമെന്നും തുടക്കത്തിൽ തന്നെ കോൺഗ്രസ് നേതൃത്വം യൂത്ത് കോൺഗ്രസിന് നിർദേശം നൽകണമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഒരു പരിപാടിയിൽ പ്രസംഗിച്ചത് 'എടാ വിജയാ..' എന്നാണ്. അങ്ങനെ വിളിക്കുന്നവന് എന്ത് പാരമ്പര്യമാണുള്ളത്. ഇടതുപക്ഷവും ജനാധിപത്യ വിശ്വാസികളും പ്രതിഷേധിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. മാധ്യമങ്ങൾക്ക് മുന്നിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് കാണിച്ച ബോഡി ലാംഗ്വേജ് കണ്ടതാണ്. അതൊന്നും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, തൃശൂർ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വിൽവട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖിൽദേവ്, അമൽ ജയിംസ് എന്നിവരാണ് ടിവി തൃശൂർ ബ്യൂറോ ഓഫീസ് ആക്രമിച്ചത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബ്യൂറോയിലെ കാറിന് മുകളിൽ യൂത്ത് കോൺഗ്രസിന്റെ കൊടി നാട്ടി. മുകളിലെ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയിൽ ഒഴിക്കുകയും വാതിലിൽ റിപ്പോർട്ടറിനെതിരെ നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടർ ചാനലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളാണ് നോട്ടീസിലുള്ളത്. സംഭവത്തിൽ റിപ്പോർട്ടർ ടിവി മുഖ്യമന്ത്രിക്ക് പരാതി നൽകി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സർക്കാരിനോട് റിപ്പോട്ടർ ടിവി ആവശ്യപ്പെട്ടു.

Content Highlights: V Sivankutty against Youth congress about reporter tv bureau attack

dot image
To advertise here,contact us
dot image