
കെ സി എല്ലിൽ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ ഞെഇട്ടിച്ചിരിക്കുകയാണ്. ഇന്നലെ ട്രിവാൻഡ്രം റോയൽസിനെതിരെ നടന്ന മത്സരത്തിൽ 37 പന്തിൽ 62 റൺസാണ് നേടിയത്. അഞ്ചു സിക്‌സറും നാല് ഫോറുകളും ഇതിൽ ഉൾപ്പെടുന്നു.
അതിന് മുമ്പ് നടന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെതിരെയുള്ള മത്സരത്തിൽ താരം കളിച്ചിരുന്നില്ല. എന്നാൽ അതിന് മുമ്പിലുള്ള മത്സരത്തിൽ താരം അർധ സെഞ്ച്വറിയും അതിന് മുമ്പുള്ള മത്സരത്തിൽ സെഞ്ച്വറിയും നേടിയിരുന്നു. ഇതോടെ 285 റൺസുമായി ടൂർണമെന്റ് റൺ വേട്ടയിൽ രണ്ടാമതെത്താൻ സഞ്ജുവിനായി.
ആദ്യ മത്സരത്തിൽ മധ്യനിരയിൽ ബാറ്റ് ചെയ്യാൻ തീരുമാനിച്ച സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തിലും മധ്യനിരയിൽ തിളങ്ങാനുമായിരുന്നില്ല. തുടർന്ന് ഓപ്പണിങ് സ്ലോട്ടിലെത്തിയ താരം മിന്നും പ്രകടനം തുടരുകയായിരുന്നു. ഓപ്പണറായി എത്തിയ ശേഷം മൂന്ന് മത്സരങ്ങളിൽ നിന്ന് 21 സിക്സറുകളും നേടാനായി.
ഇതോടെ ഏഷ്യ കപ്പ് ഇലവനിൽ ശക്തമായ അവകാശ വാദം ഉന്നയിക്കാനും സഞ്ജുവിനായി. 15 അംഗ ടീമിലിടം നേടിയെങ്കിലും സഞ്ജു ആദ്യ ഇലവനിലുണ്ടാകുമോ എന്നതിൽ ഉറപ്പിലായിരുന്നു. വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ തിരിച്ചെത്തിയതോടെ താരത്തിന് ഓപ്പണിങ് സ്ലോട്ട് കിട്ടുമോ എന്ന ആശങ്കകളുമുണ്ടായിരുന്നു.
ടീം പ്രഖ്യാപിക്കുന്ന സമയത്ത് വിക്കറ്റ് കീപ്പറായി ആദ്യം അജിത് അഗാർക്കർ പ്രഖ്യാപിച്ചത് ജിതേഷ് ശർമയെ ആയിരുന്നു. അതിനിടയിൽ സഞ്ജു ഇലവനിലുണ്ടാകില്ലെന്ന വാദവുമായി അജിങ്ക്യാ രഹാനെയും രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിനെല്ലാമുള്ള മറുപടിയാണ് കെ സി എല്ലിലൂടെ സഞ്ജു നൽകിയത്.
ഇതോടെ രഹാനെ അടക്കമുള്ള മുൻ താരങ്ങൾ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന നിർദേശങ്ങളുമായി രംഗത്തെത്തി. കെ സി എല്ലിലെ പ്രകടനം പരിഗണിക്കണമെന്ന് മുൻ താരം ആകാശ് ചോപ്രയും കഴിഞ്ഞ ദിവസം ആവശ്യമുയർത്തി.
Content Highlights:21 sixes in three matches as an opener; Former players want Sanju to be given a chance in the Asia Cup