
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ഓഫീസിനെതിരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അതിക്രമത്തില്‍ പ്രതികരണവുമായി എ എ റഹീം എംപിയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്നമായ കടന്നാക്രമണമാണ് നടന്നതെന്ന് എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും നിലപാട് വ്യക്തമാക്കണമെന്നും റഹീം പറഞ്ഞു. പ്രിയങ്ക ഗാന്ധി എംപിക്ക് നേരെയും റഹീം ചോദ്യം ഉയര്‍ത്തി. മാധ്യമ സ്ഥാപനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ആക്രമണങ്ങളെ പ്രിയങ്ക ഗാന്ധി ശരിവെയ്ക്കുമോ എന്നായിരുന്നു റഹീമിന്റെ ചോദ്യം. കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രാഷ്ട്രീയ അധോലോകത്തിന്റെ കയ്യില്‍ പെട്ടിരിക്കുന്നു എന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതാണ് ഈ ആക്രമണമെന്നും റഹീം അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടായിസം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നായിരുന്നു വി കെ സനോജിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പുറത്തുവന്ന പീഡന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പകയാണ് ഈ ആക്രമണത്തിന് പിന്നില്‍. തെളിവുകള്‍ സഹിതം പുറത്ത് വന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെങ്കില്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കും എന്ന് രണ്ടുവരി പ്രസ്താവന പോലും നല്‍കാതെ കോണ്‍ഗ്രസ് മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണെന്ന് സനോജ് ചോദിച്ചു. അതിന് പോലും കഴിയാത്ത വിധം കോണ്‍ഗ്രസ് തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. അക്രമം നടത്തിയും ഭയപ്പെടുത്തിയും വാര്‍ത്തകളെ ഇല്ലാതാക്കാനാണ് ശ്രമം. അക്രമം ആസൂത്രിതമാണെന്നും അതിന് പിന്നില്‍ ഷാഫി പറമ്പില്‍ എംപിയുടെ ഗൂഢസംഘമാണെന്നും സനോജ് പറഞ്ഞു. സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് രാഹുല്‍ വിഷയം ശ്രദ്ധതിരിക്കാനുള്ള ഷാഫിയുടെ വടകര ഷോയുടെ തുടര്‍ച്ചയാണ് ഈ സംഭവവും. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇത് സംബന്ധിച്ച് പ്രതികരിക്കണം. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.
Content Highlights- A A Rahim mp and v k sanoj reaction on reporter tv bureau office attack