
പട്ന: ബിഹാറിൽ ബിജെപി-കോൺഗ്രസ് സംഘർഷം. പട്നയിലെ കോൺഗ്രസ് ഓഫീസിന് മുന്നിലാണ് സംഭവം. വോട്ടർ അധികാർ യാത്രയ്ക്കിടയിൽ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി കോൺഗ്രസ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു പിന്നാലെയാണ് സംഘർഷം ഉണ്ടായത്. സമാധാനപരമായ പ്രതിഷേധം നടത്തുകയായിരുന്നുവെന്നും കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞുവെന്നും ബിജെപി പ്രവർത്തകർ ആരോപിച്ചു. എന്നാൽ ബിജെപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് കോൺഗ്രസും ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നിരവധി ബിജെപി പ്രവർത്തകർ പട്‌നയിലെ കോൺഗ്രസ് ഓഫീസിന്റെ ഗേറ്റിൽ ചവിട്ടുകയും പിന്നീട് അകത്തേക്ക് അതിക്രമിച്ച് കയറുകയും ചെയ്യുന്നതായി കാണാം. മറ്റൊരു വീഡിയോയിൽ, പട്‌നയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് ഇരു പാർട്ടികളിലെയും അംഗങ്ങൾ പാർട്ടി പതാകകൾ ഉപയോഗിച്ച് പരസ്പരം അടിക്കുന്നതും വ്യക്തമാണ്. ഇതിന് ഉചിതമായ മറുപടി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകൻ ഡോ. അശുതോഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. "ഉചിതമായ മറുപടി നൽകും. സർക്കാരിന്റെ ഇടപെടലോടെയാണ് ഇത് സംഭവിക്കുന്നത്. നിതീഷ് കുമാർ തെറ്റ് ചെയ്യുകയാണ്,", അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Congress, BJP workers face off over PM abuse row at bihar