
പാലക്കാട്: യുവതികള്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പാര്‍ട്ടിക്കകത്ത് നിന്നും ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണ. രാഹുലിനെ പാലക്കാട് മണ്ഡലത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് തിരക്കിട്ട നീക്കം നടത്തുന്നതായാണ് വിവരം. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കാനാണ് തീരുമാനം.
മണ്ഡലത്തില്‍ നിന്ന് ഏറെനാള്‍ വിട്ടുനിന്നാല്‍ പ്രതിസന്ധിയാവുമെന്ന നിലപാടിലാണ് നേതാക്കള്‍. പാലക്കാട് ഇന്നലെ നടന്ന എ ഗ്രൂപ്പ് യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. എന്നാല്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഷാഫി പറമ്പില്‍ പാലക്കാട് എത്തിയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമാണ് താന്‍ എത്തിയതെന്നായിരുന്നു പ്രതികരണം. ഈ പരിപാടിക്ക് ശേഷമാണ് മണ്ഡലത്തിലെ മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കളുമായി ഷാഫി ചര്‍ച്ച നടത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നതും കെപിസിസിയുടെ തന്നെ ഡിജിറ്റല്‍ മീഡിയ അംഗങ്ങളാണ്. യുവതികളെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം. യുവതികളെ പിന്തുണച്ച കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ക്കെതിരെയും വ്യാപക അധിക്ഷേപമാണ് അഴിച്ചുവിടുന്നത്. സൈബര്‍ ആക്രമണം പിടിവിട്ടത്തോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.
കെപിസിസി നിരീക്ഷണത്തിലുള്ള ഡിജിറ്റല്‍ മീഡിയ വിഭാഗമായ ഡിഎംസിയിലെ അംഗങ്ങളാണ് യുവതികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടത്തുന്നത്. മുന്‍ എംഎല്‍എ വി ടി ബല്‍റാം ആണ് ഡിജിറ്റല്‍ മീഡിയ വിഭാഗം ചെയര്‍മാന്‍. പാര്‍ട്ടി പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ന്യായീകരിക്കുന്ന വീഡിയോകളും പ്രചരിപ്പിക്കുന്നുണ്ട്.
Content Highlights: Shafi Parambil A Group Meeting discussing to bring Rahul Mamkootathil to Palakkad