
തൃശൂര്‍: റിപ്പോർട്ടർ ടി വി തൃശ്ശൂർ ബ്യൂറോയ്ക്കെതിരായ യൂത്ത് കോൺഗ്രസ് അതിക്രമം ജനാധിപത്യ വിരുദ്ധമായ പ്രവൃത്തിയാണെന്നും പ്രതിഷേധാർഹമായ നടപടിയാണെന്നും കെയുഡബ്ല്യുജെ.
എന്ത് വിഷയത്തിന്റെ പേരിലാണെങ്കിലും മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം ആണെന്ന് പ്രസിഡന്റ് കെ പി റെജി പറഞ്ഞു. എന്ത് പ്രശ്‌നമാണെങ്കിലും പരിഹരിക്കുന്നതിന് നിയമമുണ്ട്. അതിന് പകരം കയ്യൂക്കിന്റേയും അതിക്രമത്തിന്റേയും വഴി രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചാൽ അത് അങ്ങേയറ്റം അപലപനീയമാണെന്നും കെ പി റെജി പറഞ്ഞു.
ആസൂത്രിതമായ ആക്രമണമാണിത്. ഗൗരവതരമായ വിഷയമാണ്. വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് നിയമം കയ്യിലെടുത്തുകൊണ്ട് അല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാര ശൂന്യമായ നടപടിയാണ് യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ അഭിപ്രായപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നടപടി അങ്ങേയറ്റം അപലപനീയമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയര്‍മാന്‍ എം ഷാജർ പറഞ്ഞു. ഒരു കാരണവശാലും ഇത്തരം ആക്രമണത്തെ കേരളം വെച്ചുപൊറുപ്പിക്കില്ലെന്നും മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കുന്ന രീതി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വാർത്ത റിപ്പോർട്ടർ ടിവി സൃഷ്ടിച്ചെടുത്ത വാർത്തയല്ലെന്ന് കേരളത്തിലെ പൊതു സമൂഹത്തിന് ധാരണയുണ്ട്. അത് കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും നേതാക്കൾ തിരിച്ചറിഞ്ഞതാണ്. വാർത്ത ഏറ്റവും ആദ്യം പുറത്തുവിടുക എന്നത് മാധ്യമ രീതിയാണ്. ഏത് വാർത്തയും ആദ്യം ജനങ്ങളിലെത്തിക്കാനുള്ള സംവിധാനം റിപ്പോർട്ടർ ടിവിക്കുണ്ട്. അത്തരം ചാനലിലൂടെ ഇത്തരം വാർത്ത വരുമ്പോൾ അസഹിഷ്ണുതയല്ല വേണ്ടത്, തെറ്റ് ചെയ്യാതിരിക്കുക എന്നതാണ് ചെയ്യേണ്ടതെന്നും ഷാജർ പറഞ്ഞു.
രാഹുലിനെതിരെ പറഞ്ഞവർക്കെതിരെ ഇത്തരം രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ നാളെ ഉമാ തോമസിന്റേയും കെ സി വേണുഗോപാലിന്റെയും വീട് ആക്രമിക്കും എന്ന സൂചനയാണ് യൂത്ത് കോൺഗ്രസ് നൽകുന്നത്. കെ സിയുടെ ഭാര്യ പറഞ്ഞത് റിപ്പോർട്ടർ ടിവി പറഞ്ഞകാര്യം തന്നെയല്ലേയെന്നും ഷാജർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരാധകർക്കും അദ്ദേഹത്തിന്റെ ഗുണ്ടകൾക്കും അവരുടെ നേതാവിനെ സംരക്ഷിക്കണമെങ്കിൽ തെറ്റായ വാർത്തയാണിതെന്ന് വ്യക്തമാക്കി നിയമനടപടി നേരിടുകയാണ് വേണ്ടത്. പുറത്തുവന്ന തെളിവുകളെല്ലാം വ്യാജമാണ് എന്നാണെങ്കിൽ നിയമ സഹായത്തിന് ഞങ്ങളുമുണ്ടാകും. ചെയ്ത തെറ്റ് വാർത്തയായി പുറത്തുവരുമ്പോൾ അത്തരം വാർത്ത പുറത്തുവിടുന്ന മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ് ഷാജർ പറഞ്ഞു.
റിപ്പോർട്ടറിനെതിരായ യൂത്ത് കോൺഗ്രസ് ആക്രമണം ജനാധിപത്യ വിരുദ്ധമായ പ്രവൃത്തിയാണെന്നും പ്രതിഷേധാർഹമായ നടപടിയാണെന്നും കെയുഡബ്ല്യുജെ പ്രസിഡന്റ് കെ പി റെജി പറഞ്ഞു. എന്ത് വിഷയത്തിന്റെ പേരിലാണെങ്കിലും മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണം ജനാധിപത്യ വിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണവുമാണ്. എന്ത് പ്രശ്‌നമാണെങ്കിലും അത് പരിഹരിക്കുന്നതിന് നിയമമുണ്ട്. അതിന് പകരമായി കയ്യൂക്കിന്റേയും അതിക്രമത്തിന്റേയും വഴി രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചാൽ അത് അങ്ങേയറ്റം അപലപനീയമാണെന്നും കെ പി റെജി പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണിത്. ഗൗരവതരമായ വിഷയമാണ്. വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് നിയമം കയ്യിലെടുത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കാര ശൂന്യമായ നടപടിയാണ് യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, തൃശൂർ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വിൽവട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖിൽദേവ്, അമൽ ജയിംസ് എന്നിവരാണ് ടിവി തൃശൂർ ബ്യൂറോ ഓഫീസ് ആക്രമിച്ചത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബ്യൂറോയിലെ കാറിന് മുകളിൽ യൂത്ത് കോൺഗ്രസിന്റെ കൊടി നാട്ടി. മുകളിലെ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയിൽ ഒഴിക്കുകയും വാതിലിൽ റിപ്പോർട്ടറിനെതിരെ നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടർ ചാനലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളാണ് നോട്ടീസിലുള്ളത്. സംഭവത്തിൽ റിപ്പോർട്ടർ ടിവി മുഖ്യമന്ത്രിക്ക് പരാതി നൽകി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സർക്കാരിനോട് റിപ്പോട്ടർ ടിവി ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പേ ഇളകിയ സംഘത്തെപ്പോലെ പെരുമാറുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. കോൺഗ്രസ് ഇത്രയധികം ജീർണിച്ച ഒരു സംഘടനയാണെന്ന് ബോധ്യമാകുന്ന തരത്തിലുള്ള അനുഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം മാധ്യമ അജണ്ടയാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം നടക്കുന്നത്. സ്വതന്ത്ര മാധ്യമത്തെ സംഘപരിവാറുകാർ എങ്ങനെയാണോ ഭയക്കുന്നത്, അവരെങ്ങനെയാണോ നേരിടുന്നത് ആ കോൺഗ്രസ് നേതൃത്വത്തെ നേരിടാൻ, നിലയ്ക്ക് നിർത്താൻ ഡിവൈഎഫ്‌ഐ ഇറങ്ങും. നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തെ, സത്യസന്ധമായ മാധ്യമ പ്രവർത്തനത്തെ കേരളത്തിനകത്ത് മുന്നോട്ട് കൊണ്ടുപോകാനാവശ്യമായ എല്ലാ പിന്തുണയും ഡിവൈഎഫ്‌ഐയുടെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: incident of attacking Reporter TV's Thrissur bureau is highly
condemnable