
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യത്തിലുറച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അഹങ്കാരത്തിന് കയ്യും കാലും വെച്ച രൂപമാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരു പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ എടാ വിജയാ എന്നാണ് രാഹുൽ വിളിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസിലെ ക്രിമിനൽ സംഘത്തിന്റെ പ്രമുഖനാണ് രാഹുൽ. പാലക്കാട് നടക്കുന്ന ശാസ്ത്രമേളയിൽ രാഹുൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികൾ ടെലിവിഷൻ കാണുന്നവരാണ്. അവർക്ക് കാര്യങ്ങൾ മനസിലാകുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
രാജി വെക്കേണ്ടെന്ന ഉറപ്പ് രാഹുലിന് കൊടുത്തത് കോൺഗ്രസിലെ പ്രബല വിഭാഗമാണ്. അദ്ദേഹത്തിന് പൂർണപിന്തുണ നൽകുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിൽ എംപിയുമാണെന്നും ശിവൻകുട്ടി ആരോപിച്ചു.
രാജിക്കാര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ്. രാജിവെക്കേണ്ടിവന്നാൽ ഇതിനേക്കാൾ വലിയ സംഭവങ്ങൾ പുറത്തുവിടുമെന്നാണ് രാഹുലിന്റെ ഭീഷണി. അതിനു മുന്നിൽ നേതാക്കൾ മുട്ടുമടക്കിയിരിക്കയാണ്. കോൺഗ്രസ് മയപ്പെടുന്ന പലതും രാഹുലിന്റെ കയ്യിലുണ്ട്. അല്ലെങ്കിൽ ഇത്രയേറെ പ്രതിഷേധം ഉണ്ടായിട്ടും രാജിവെക്കാതിരിക്കുമോ എന്നും ശിവൻകുട്ടി പറഞ്ഞു.
എതിർത്തതിന് ഉമാ തോമസിനെതിരെ പോലും മോശം രീതിയിൽ സൈബർ ആക്രമണം ഉണ്ടാകുന്നു. കോൺഗ്രസിനെ നയിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആഗോള അയ്യപ്പ സംഗമത്തിന് വരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും ഉപമുഖ്യമന്ത്രി ഉദയനിധിയെയും തടയുമെന്ന് പറഞ്ഞതിനെ മന്ത്രി വിമർശിച്ചു. അദ്ദേഹം സ്വപ്‌നം കണ്ടതെന്നാണ് എനിക്ക് തോന്നുന്നതെന്നും കേരളത്തെ കുറിച്ച് രാജീവ് ചന്ദ്രശേഖറിന് ഒരു ചുക്കും അറിയില്ലെന്നും ശിവൻകുട്ടി പരിഹസിച്ചു.
Content Highlights: V Sivankutty against Rahul Mamkootathil