
തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ പ്രതിരോധത്തിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ ശാസ്ത്രമേളയുടെ വേദി മാറ്റി സംസ്ഥാന സർക്കാർ. ശാസ്ത്രമേള നവംബറിൽ പാലക്കാട് നഗരത്തിൽ നടത്താണ് തീരുമാനിച്ചിരുന്നത് എന്നാൽ ഇത് ഷൊർണൂരിലേക്ക് മാറ്റുകയായിരുന്നു.
നവംബർ 7 മുതൽ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്. രാഹുൽ എംഎൽഎ ആയതിനാൽ സംഘാടകസമിതിയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കാൻ കഴിയില്ല. ശാസ്ത്രമേള പാലക്കാട് നടത്തിയാൽ സ്ഥലം എംഎൽഎ സംഘാടകസമിതിയുടെ ചെയർമാനോ കൺവീനറോ ആകും. അതിനാലാണ് വേദി മാറ്റിയുള്ള സർക്കാർ തീരുമാനം. ശാസ്ത്രമേളയിൽ രാഹുൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു. കുട്ടികൾ ടെലിവിഷൻ കാണുന്നവരാണ്. അവർക്ക് കാര്യങ്ങൾ മനസിലാകുമെന്നും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
അതേസമയം ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേ സമയം എംഎല്‍എയായി അദ്ദേഹം തുടരും. മുഖം രക്ഷിക്കാന്‍ പേരിന് സസ്‌പെന്‍ഷന്‍ നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം ഇപ്പോഴത്തെ കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുകയാണ്.
രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാടാണ് സൂക്ഷിക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തെ തള്ളി രാഹുലിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
Content Highlights: State government changes venue of science fair to avoid Rahul Mamkootathil