
തിരുവനന്തപുരം: യുവതികളുടെ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഉമാ തോമസ് എംഎൽഎക്കെതിരെ സൈബർ ആക്രമണം. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ തോമസിനെ തെറിവിളിച്ചും അപകീർത്തിപ്പെടുത്തിയും പ്രതികരണങ്ങളെത്തിയത്. ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധി കമന്റുകളാണ് ഇതിനോടകം വന്നത്.
'ഭർത്താവ് പി ടി തോമസിന്റെ മരണത്തെ തുടർന്ന് എംഎൽഎ ആയ ആളാണ് താങ്കള്‍, രാഷ്ട്രീയത്തിൽ താങ്കൾക്ക് വിവരമില്ലെ'ന്നുമുള്ള പ്രതികരണങ്ങളാണ് ഉമാ തോമസിനെതിരെ ചില ഫേസ്ബുക്ക് ഹാൻഡിലുകൾ നിന്ന് പങ്കുവെച്ചത്. 'രാഹുലിനെ പുറത്താക്കാൻ പറഞ്ഞാൽ ഉടനെ പുറത്താക്കാൻ പാർട്ടി നിങ്ങളുടെ തറവാട്ടു സ്വത്തല്ല. സ്വന്തം പേരിനായാണ് രാഹുലിനെതിരെ ഉമാ തോമസ് സംസാരിക്കുന്നതെന്നും അതാണ് പാർട്ടിയുടെ ശാപമെന്നു'മാണ് മറ്റൊരു പ്രതികരണം. രാഹുലിനെതിരെ പറഞ്ഞാല്‍ എംഎല്‍എയാണെന്ന് നോക്കില്ലെന്നാണ് വേറൊരു കമന്‍റ്. നന്ദി കാണിച്ചില്ലെങ്കിലും 'പിന്നിൽ നിന്ന് കുത്തരുത്, അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നോണം' എന്നടക്കമുള്ള കമന്റുകളും ഉയരുന്നുണ്ട്. അതേസമയം വ്യക്തി അധിക്ഷേപം നടത്തുന്ന കമന്‍റുകളും ഉമാ തോമസിനെതിരെ സൈബർ ഇടത്തിൽ വരുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന പ്രതികരണങ്ങളും ഈ കമന്റുകളിലുണ്ട്.
ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് ഉമാ തോമസ് എംഎല്‍എ പറഞ്ഞത്. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് അര്‍ഹതയില്ല. ഇന്നലെ പത്രസമ്മേളനം വിളിച്ചപ്പോള്‍ രാജി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വാര്‍ത്താസമ്മേളനം റദ്ദാക്കുകയായിരുന്നു. തെറ്റുചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെങ്കില്‍ രാഹുലിന് മാനനഷ്ടക്കേസ് നല്‍കാമായിരുന്നു. പ്രതികരിക്കാത്തതിനാല്‍ ആരോപണങ്ങള്‍ സത്യമാണെന്ന് വേണം കരുതാന്‍. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും ഉമാ തോമസ് എംഎല്‍എ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
സ്ത്രീകളെ ചേര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്ത്രീകള്‍ക്കൊപ്പമാണ് പാര്‍ട്ടി എന്നും നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ രാഹുലിന് പാര്‍ട്ടിയില്‍ തുടരാന്‍ അര്‍ഹതയില്ല. രാഹുല്‍ രാജിവെയ്ക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് സംശയമുണ്ടാകില്ല. ഇത്തരത്തിലുള്ള ആളുടെ വെച്ചുപൊറുപ്പിക്കില്ല എന്ന കാര്യം ഉറപ്പാണ്. രാജിവെയ്ക്കാത്ത പക്ഷം രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. ഇങ്ങനെ ഒരാളെ പാര്‍ട്ടിക്ക് വേണ്ടെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും ഉമാ തോമസ് വ്യക്തമാക്കിയിരുന്നു. തന്നോട് ആരും പരാതി ഉന്നയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നോപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്. ഒരാളെങ്കിലും പരാതിപ്പെട്ടിരുന്നെങ്കില്‍ നടപടിയെടുക്കുമായിരുന്നുവെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ സ്ത്രീകളുടെ മനസാക്ഷിക്കൊപ്പം നില്‍ക്കുക എന്ന ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതുണ്ടെന്ന് പറഞ്ഞ ഷാനിമോൾ, രാഹുലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കേന്ദ്ര- സംസ്ഥാന നേതൃത്തോട് സംസാരിച്ചിരുന്നുവെന്നും പറഞ്ഞിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമെന്നായിരുന്നു കെ കെ രമ എംഎല്‍എയുടെ പ്രതികരണം. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റണോ എന്ന കാര്യത്തിൽ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കണം. ഇത്തരം വ്യക്തികള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നും രമ പറഞ്ഞിരുന്നു. നേതാക്കളായ ബിന്ദു കൃഷ്ണയും രാഹുലിനെതിരെ രംഗത്ത് വന്നിരുന്നു.
Content Highlights: Cyber attack Against Uma Thomas after rection about Rahul Mamkootathil