കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്തയാളെ ജനങ്ങൾക്കുമേൽഅടിച്ചേല്‍പ്പിക്കുന്നത് എന്തിന്?:എംബി രാജേഷ്

രാഹുലിനെതിരായ കോണ്‍ഗ്രസിന്റെ തീരുമാനം ഒത്തുതീര്‍പ്പാണെന്ന് എംബി രാജേഷ് പറഞ്ഞു

dot image

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. രാഹുലിനെതിരായ കോണ്‍ഗ്രസിന്റെ തീരുമാനം ഒത്തുതീര്‍പ്പാണെന്ന് എംബി രാജേഷ് പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ എന്തിനാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ന് എംബി രാജേഷ് ചോദിച്ചു. ആരോപണം ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്ന് ഇര പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തെ അപലപിക്കുന്നുവെന്നും അവര്‍ക്കെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെയല്ലെ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം അദ്ദേഹം എംഎൽഎയായി തുടരും. രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എയായി തുടരാനാവുന്ന തരത്തിൽ തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. മുഖം രക്ഷിക്കാന്‍ പേരിന് സസ്‌പെന്‍ഷന്‍ നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം ഇപ്പോഴത്തെ കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുകയാണ്.

രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാടിലാണ്. രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ പദത്തില്‍ തുടര്‍ന്നാല്‍ തിരിച്ചടി ഉറപ്പാണ് എന്നാണ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നത്. രാഹുലിനെതിരെ വനിതാ നേതാക്കളും രംഗത്തെത്തിയിരുന്നു. കെസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളിലെ വനിതാ നേതാക്കളും ഷാനി മോള്‍ ഉസ്മാന്‍, ഉമാ തോമസ് എംഎല്‍എ അടക്കമുള്ള മുതിര്‍ന്ന വനിതാ നേതാക്കളും രാഹുല്‍ രാജിവെക്കണമെന്ന നിലപാട് തുറന്നു പറഞ്ഞിരുന്നു. യുഡിഎഫ് പക്ഷത്തോടൊപ്പം നില്‍ക്കുന്ന കെ കെ രമ എംഎല്‍എയും രാഹുല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Content Highlights: MB Rajesh about congress suspending primary membership of rahul mamkoottathil

dot image
To advertise here,contact us
dot image