ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; ജലാശയങ്ങളില്‍ കുളിക്കുമ്പോള്‍ ശ്രദ്ധിക്കാം..

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം? എങ്ങനെയാണ് രോഗം ഉണ്ടാകുന്നത്? രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ?

dot image

അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് എട്ട് പേരാണ്. വയനാട് സ്വദേശികളായ രണ്ടുപേര്‍ക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്ട് മൂന്ന് പേരും മലപ്പുറത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമടക്കം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗബാധയുണ്ട്. അതുകൊണ്ടുതന്നെ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം

നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുന്നതാണ് രോഗം.വെള്ളത്തില്‍ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതലായും രോഗാണു തലച്ചോറിലെത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകാം. കുളിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കില്ല. പകരം വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ വെള്ളം മൂക്കില്‍ കടന്നാല്‍ അമീബ മൂക്കിലെ അസ്ഥികള്‍ക്കിടയിലുളള വിടവിലൂടെ തലച്ചോറില്‍ എത്തുകയും രോഗമുണ്ടാവുകയും ചെയ്യുന്നു.

രോഗ ലക്ഷണങ്ങള്‍
രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല. രോഗബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും. കുട്ടികളിലും കൗമാരക്കാരിലുമാണ് രോഗം പ്രധാനമായും ഉണ്ടാകുന്നത്. ശക്തമായ പനി, ഛര്‍ദി,തലവേദന,അപസ്മാരം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. രോഗത്തിനുള്ള ചികിത്സ ലഭ്യമല്ല. രോഗത്തിന് മരണ സാധ്യത കൂടുതലായതുകൊണ്ടുതന്നെ രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്.

രോഗം കണ്ടെത്തുന്നത് എങ്ങനെ

നട്ടെല്ലില്‍ നിന്ന് ഫ്‌ളൂയിഡ് കുത്തിയെടുത്ത് പരിശോധിച്ചാണ് അമീബയുടെ സാന്നിധ്യം പരിശോധിക്കുന്നത്. സെറിബോ സ്‌പൈനല്‍ ഫ്‌ളൂയിഡില്‍ രോഗകാരിയായ അമീബയുടെ സാന്നിധ്യം കണ്ടുപിടിക്കുമ്പോഴാണ് രോഗം ഉണ്ടെന്ന് മനസിലാകുന്നത്.

എങ്ങനെ രോഗം വരാതെ തടയാം

1 സ്വിമ്മിംഗ് പൂളുകളിലെ ജലം ഇടയ്ക്കിടെ മാറ്റുക. അണുക്കള്‍ ക്ലോറിനേഷന്‍ ചെയ്യുമ്പോള്‍ നശിച്ചുപോകുന്നതിനാല്‍ ക്ലോറിനേറ്റ് ചെയ്യുകയും ഇടയ്ക്കിടെ വെള്ളം മാറ്റുകയും ചെയ്യുന്ന സ്വിമ്മിംഗ് പൂളുകള്‍ സുരക്ഷിതമായിരിക്കും.

2 മൂക്കില്‍ ശക്തിയായി വെളളം കയറാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് നീന്തുകയും കുളിക്കുകയും ചെയ്യുക.

3 നസ്യം പോലുളള ചികിത്സാ രീതികള്‍ ചെയ്യുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക.

4 വൃത്തിയാക്കാതെ കിടക്കുന്ന ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

5 മൂക്കിലും തലയിലും ശസ്ത്രക്രിയക്ക് വിധേയരായവര്‍ വെള്ളത്തില്‍ ചാടിയുളള കുളി ഒഴിവാക്കണം

6 മലിനമായ വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കണം.

Content Highlights :Amebic encephalitis a concern; What precautions can be taken to avoid contracting the disease?

dot image
To advertise here,contact us
dot image