
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ. 50 ഓവർ പിന്നിട്ടപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 431 റൺസാണ് ഓസീസ് സ്‌കോർബോർഡിലുള്ളത്.
ഓപ്പണർമാരായി ഇറങ്ങിയ ട്രാവിസ് ഹെഡ്, ക്യാപ്റ്റൻ മിച്ചൽ മാർഷ് മൂന്നാമനായെത്തിയ കാമറൂൺ ഗ്രീൻ എന്നിവരുടെ ശതകത്തിന്റെ ബലത്തിലാണ് ഓസീസിന്റെ കൂറ്റൻ സ്‌കോർ. അല്കസ് കാരി അർധസെഞ്ച്വറി നേടി.
17 ഫോറും അഞ്ച സിക്‌സറുമടിച്ച് 103 പന്തിൽ നിന്നും 142 റൺസാണ് ട്രാവിസ് ഹെഡ് അടിച്ചെടുത്തത്. മിച്ചൽ മാർഷ് 106 പന്തിൽ നിന്നും ആറ് ഫോറും അഞ്ച് സിക്‌സറുമുൾപ്പടെ 100 റൺസ് സ്വന്തമാക്കി. ഇവർക്ക് പുറമെ മൂന്നാമതായെത്തിയ കാമറൂൺ ഗ്രീൻ ആക്രമം അഴിച്ചുവിടുകയായിരുന്നു. 47 പന്തിൽ നിന്നും 200ന് മുകളിൽ പ്രഹശേഷിയിലാണ് അദ്ദേഹം സെഞ്ച്വറി പൂർത്തിയാക്കിയത്. ഇന്നിങ്‌സ് അവസാനിച്ചപ്പോൾ 55 പന്തിൽ നിന്നും 118 റൺസോട് കൂടി ഗ്രീൻ പുറത്താകാതെ നിന്നു. ആറ് ഫോറും എട്ട് സിക്‌സറുമടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. അലക്‌സ് കാരി 37 പന്തിൽ 50 റൺസ് നേടി പുറത്താകാതെ നിന്നു.
കേശവ് മഹാരാജ് ഒഴികെ ദക്ഷിണാഫ്രിക്കയുടെ എല്ലാ ബൗളർമാർക്കും കണക്കിന് അടികിട്ടി. 10 വർഷത്തിന് ശേഷം ആദ്യമായാണ് ഓസീസ് ഏകദിനത്തിൽ 400 കടക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും 200 റൺസ് പോലും നേടാൻ സാധിക്കാത്തിടത്തു നിന്നുമാണ് ഓസീസിന്റെ വമ്പൻ തിരിച്ചുവരവ്. അതേസമയം ആദ്യ രണ്ട് കളിയിലും പരാജയപ്പെട്ട ഓസ്‌ട്രേലിയ പരമ്പരയിൽ പരാജയപ്പെട്ടു. ഈ മത്സരത്തിൽ ജയിച്ചാൽ ടീമിന് വൈറ്റ് വാഷിൽ നിന്നും ഓസീസിന് രക്ഷപ്പെടാം.
Content Highlights- Australia Massive Score against Southafrica in Third Odi