'പരിഹസിച്ചു, വീഴ്ത്താൻ ശ്രമിച്ചു..'; രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് രാജി സൂചനയുമായി രാഹുൽ മാങ്കൂട്ടത്തിൽ

പീഡന പരാതികള്‍ക്ക് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിന് പിന്നാലെയാണ് രാഹുല്‍ ഇത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

dot image

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനൊപ്പം രാജി സൂചന നല്‍കുന്ന കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിൽ. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന തരത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് രാജി സൂചനകള്‍ നല്‍കിയുള്ള പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി റിയാക്ഷനുകളും കമന്‍റുകളും ലഭിച്ച പോസ്റ്റിന് താഴെ രാജി ആവശ്യം ഉള്‍പ്പെടെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു. വീഴ്ത്താന്‍ ശ്രമിച്ചു, സ്തുതിപാടിയവര്‍ വിമര്‍ശകരായി. കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു. കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്. പദവികള്‍ക്കും അപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്. രാഹുല്‍ ഗാന്ധി എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റ്. വിവാദങ്ങൾക്കിടെ ആദ്യമായാണ് രാഹുൽ സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കുന്നത്.

ഉയര്‍ന്ന് വന്ന ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് രാഹുലിന്‍റെ പോസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ നേരത്തെ പ്രതിപക്ഷനേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും കൈവിട്ടിരുന്നു. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് ഇരുവരും. രാഹുലിനോട് രാജി ആവശ്യപ്പെടാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്നലെ പുറത്തുവന്ന രാഹുലിന്റെ ശബ്ദരേഖ ഗുരുതരമാണെന്ന് രമേശ് ചെന്നിത്തലയുടെ നിലപാട്. ഇനിയും രാഹുലിനെ സംരക്ഷിച്ചാൽ തിരിച്ചടിയാകുമെന്നും മുൻ പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. കെപിസിസി അധ്യക്ഷൻ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തുകയാണ്. വിട്ടുവീഴ്ചയില്ലാതെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും. ഇതോടെ രാഹുലിന്റെ രാജി ഉടനുണ്ടായെക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രാഹുലിന്റെ രാജിയിൽ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാടാണ് ഇനി നിർണായകമാകുക.

Content Highlights: Rahul Mamkootathil's cryptical facebook post about Rahul Gandhi

dot image
To advertise here,contact us
dot image