തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകം; പൊലീസിനെതിരെ അബൂബക്കറിൻ്റെ കുടുംബം

അബൂബക്കര്‍ അല്ല കൊലയാളി എന്ന് തെളിഞ്ഞിട്ടും കുടുക്കാന്‍ ശ്രമിക്കുന്നു എന്ന് മകന്‍ റാഷിം

തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകം; പൊലീസിനെതിരെ  അബൂബക്കറിൻ്റെ കുടുംബം
dot image

അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകത്തില്‍ പൊലീസിനെതിരെ അറസ്റ്റിലായ അബൂബക്കറിൻ്റെ കുടുംബം. അബൂബക്കര്‍ റംലത്തിന്റെ വീട്ടില്‍പോയത് കത്ത് നല്‍കാനാണെന്ന് മകൻ റാഷിം പറഞ്ഞു. ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കി അബൂബക്കറിന കൊലപാതകിയാക്കി. അബൂബക്കര്‍ അല്ല കൊലയാളി എന്ന് തെളിഞ്ഞിട്ടും കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും മകന്‍ ആരോപിച്ചു.

റംലത്തിന്റെ ഫോണ്‍ അബൂബക്കര്‍ ഉപേഷിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞത്. പിന്നീട് മൊബൈല്‍ ഫോണ്‍ യഥാര്‍ത്ഥ പ്രതികളില്‍ നിന്നും കണ്ടെത്തി. കൊലപാതക ശേഷം മുളകുപൊടി വിതറിയതും വൈദ്യുതി ബന്ധം വിച്ഛേദിച്ചതും യഥാര്‍ത്ഥ പ്രതികളാണ്. എന്നാൽ ഇതെല്ലാം അബൂബക്കറിന്റെ തലയിൽ മനഃപൂർവ്വം കെട്ടിവെയ്ക്കുകയായിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുകയാണെന്നും അബൂബക്കറിന്റെ കുടുംബം ആരോപിച്ചു.

തനിച്ച് താമസിക്കുകയായിരുന്ന റംലത്തിനെ 17 നാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നിലവില്‍ റിമാൻഡിലായ അബൂബക്കര്‍ റംലത്തിന്റെ വീട്ടില്‍ പോയിരുന്നെങ്കിലും ഇയാള്‍ മടങ്ങിയതിന് ശേഷമാണ് കൊലപാതകം നടന്നത്. ശ്വാസംമുട്ടലുണ്ടെന്ന് സ്ത്രീ പറഞ്ഞപ്പോള്‍ അബൂബക്കര്‍ അവിടെ ഉണ്ടായിരുന്ന ശീതളപാനീയം സ്ത്രീക്ക് നല്‍കുകയും അവര്‍ ഉറങ്ങിയ ശേഷം 11 മണിയോടെ മടങ്ങുകയും ചെയ്തിരുന്നു. അബൂബക്കര്‍ തിരിച്ചുവന്നതിന് ശേഷം ദമ്പതിമാരായ മോഷ്ടാക്കള്‍ റംലത്തിന്റെ വീട്ടില്‍ കയറുകയും മോഷണശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലം മൈനാഗപ്പള്ളിയില്‍ നിന്നും പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതിയായ സ്ത്രീ അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പ്രതിയായ ഭർത്താവ് പൊലീസ് കസ്റ്റഡിയിലാണ്.

Content Highlight : murder-of-elderly-woman-in-thottappally-abubakars-family-against-the-police

dot image
To advertise here,contact us
dot image