ഉപതെരഞ്ഞെടുപ്പ് ആശങ്കയിൽ കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിയിൽ ആശയക്കുഴപ്പം

രാഹുൽ രാജിവെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരമൊരു സാഹചര്യം ഒരുക്കി പാലക്കാട്ടെ സീറ്റ് കൈവിട്ടാൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളെ അത് കാര്യമായി ബാധിക്കുമെന്നാണ് ആശങ്ക

dot image

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജിയിൽ ആശയക്കുഴപ്പം തുടരുന്നു. രാഹുലിനെതിരായ യുവതികളുടെ ഗുരുതരമായ ആരോപണത്തിന് പിന്നാലെ എംഎൽഎ സ്ഥാനത്തുനിന്നും അദ്ദേഹം രാജിവെച്ചേക്കുമെന്ന സൂചനകൾ പറത്തുവന്നിരുന്നു. എന്നാൽ കോൺഗ്രസിൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. എംഎൽഎ സ്ഥാനം രാജിവെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നതാണ് പാർട്ടിയുടെ ആശങ്ക. രാഹുൽ രാജിവെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിലൂടെ ബിജെപി പാലക്കാട് നേട്ടം കൊയ്തേക്കുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. അത്തരമൊരു സാഹചര്യം ഒരുക്കി പാലക്കാട്ടെ സീറ്റ് കൈവിട്ടാൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളെ അത് കാര്യമായി ബാധിക്കും. ഇതാണ് രാഹുലിന്റെ രാജിയിൽ തീരുമാനമെടുക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് വിലങ്ങ് തടിയാകുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെയ്ക്കണമെന്ന അഭിപ്രായക്കാരാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഇവർ ഈ അഭിപ്രായം പരസ്യമായി പറയുകയും ചെയ്തിരുന്നു.

അതേസമയം രാഹുലിനെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്യണമെന്നാണ് പാർട്ടിയിൽ ഉയരുന്ന മറ്റൊരു അഭിപ്രായം. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ചർച്ചകൾ തുടരുകയാണ്. രാഹുൽ രാജിവെക്കണമെന്ന് ഉമാ തോമസ്, ഷാനിമോൾ ഉസ്മാൻ, ബിന്ദുകൃഷ്ണ തുടങ്ങിയ വനിതാ നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. രാഹുലിനോട് രാജി ആവശ്യപ്പെടണമെന്ന് വി എം സുധീരനും കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ രാഹുലിനെതിരെ നടപടിയുണ്ടാകുമെന്നാണ് കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം നിരവധി പേർ പരാതി ഉന്നയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പരാതി ഒന്നും ലഭിക്കാനാവാത്ത സാഹചര്യത്തിൽ പാർട്ടിക്ക് എന്താണ് ചെയ്യാൻ സാധിക്കുക എന്നായിരുന്നു ദീപാദാസ് മുൻഷി മുമ്പ് പ്രതികരിച്ചത്. ഇതിനിടയിൽ രാഹുലിന് എതിരെ ഉയരുന്ന ആരോപണങ്ങളിൽ ഗൗരവപരമായി അന്വേഷിക്കുമെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം.

എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ട്രാൻസ് വുമണും ബിജെപി പ്രവർത്തകയുമായ അവന്തിക ഉന്നയിച്ച ആരോപണങ്ങളിൽ മാത്രമാണ് രാഹുൽ ഇന്ന് മറുപടി നൽകിയത്. ആരോപണം ഉന്നയിക്കുന്നതിനും ദിവസങ്ങൾക്ക് മുമ്പ് അവന്തിക തന്നെ വിളിച്ചിരുന്നുവെന്നും ഒരു മാധ്യമപ്രവർത്തകൻ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും പറഞ്ഞതായാണ് രാഹുൽ പറയുന്നത്. ഭീഷണി നേരിട്ടുവെന്ന് പറയുന്നയാൾ എന്തിന് ഇങ്ങോട്ട് വിളിച്ച് കാര്യങ്ങൾ പറയണമെന്നും ഇപ്പോൾ വന്ന വാർത്തകൾക്ക് പിന്നിൽ ചില ഗൂഢാലോചനയുണ്ടെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ ഭാഗം കൂടി കേൾക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതികളുടെ ആരോപണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാഹുല്‍ രാജിവെച്ചിരുന്നു.

Content Highlights: Confusion continues over Rahul Mamkootathil resignation issue

dot image
To advertise here,contact us
dot image