
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ പോലെ നന്നായി കൊണ്ടുപോകണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. 'എല്ലാം ഒരുക്കികൊടുക്കാനേ മന്ത്രിയായ എനിക്ക് പറ്റുകയുള്ളൂ. മനോഹരമായി കൊണ്ടുപോകേണ്ടത് ജീവനക്കാരാണ്. അവനവന്റെ അന്നമാണിത് അതിൽ മണ്ണ് വാരി ഇടാതിരിക്കുക എന്നേ പറയാനുള്ളൂ'വെന്നും മന്ത്രി പറഞ്ഞു. പുതിയ മോഡലുകളും കിട്ടാവുന്നതിൽ ഏറ്റവും മികച്ചതുമായ വാഹനങ്ങളും വാങ്ങി കെഎസ്ആർടിസിയിൽ അപ്‌ഡേഷൻ നടപ്പാക്കും. ജീവനക്കാർ വിശ്രമിക്കുന്ന ഇടങ്ങളിൽ എയർ കണ്ടീഷൻ, യാത്രക്കാർക്ക് വിശ്രമമുറി തുടങ്ങി ആധുനികമായ മാറ്റം ബസ് സ്റ്റേഷനുകളിൽ ഒരുക്കും. യാത്രയിൽ പ്രധാനപ്പെട്ടതാണ് കാത്തിരിപ്പെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയെ കടത്തിവെട്ടി കെഎസ്ആർടിസി മുന്നേറണമെന്നതാണ് നമ്മുടെ ലക്ഷ്യം. മാറിവരുന്ന കേന്ദ്ര സർക്കാരുകൾ സ്വകാര്യമേഖലകളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യസമയത്ത് വാഹനം എടുക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വൈകിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ പറഞ്ഞിട്ടുണ്ട്. റോഡ് പണിയും ഗതാഗതകുരുക്കും കാരണമാണ് വാഹനങ്ങൾ വൈകുന്നത്. നല്ല റോഡായാൽ വേഗത കൂടും. ദേശീയപാതയുടെ പണി പൂർത്തിയായാൽ തന്നെ ഗതാഗതകുരുക്ക് അവസാനിക്കും. യാത്രക്കിടെ യാത്രക്കാർക്ക് ടോയ്‌ലറ്റിൽ പോകണമെങ്കിൽ വാഹനം നിർത്തിക്കൊടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ബസിൽ ശുചിമുറി സംവിധാനം നടപ്പാക്കാത്തത് വൃത്തിയാക്കുന്നതിലെ പ്രയാസം കാരണമാണെന്നും എ സി ബസിൽ അത് പ്രയാസമാകുമെന്നും മന്ത്രി പറഞ്ഞു.
വീതികൂടിയ സീറ്റുകളോട് കൂടിയ വണ്ടി തയ്യാറാക്കും. പോയിന്റ് ടു പോയിന്റ് സർവീസ് നടത്തുന്ന വാഹനത്തിൽ കണ്ടക്ടർ ഉണ്ടാകില്ല. യാത്രക്കാർക്ക് സ്വയം പഞ്ച് ചെയ്യുന്ന രീതിയിലാണ് ഇത് സജ്ജീകരിക്കുക. ഈ ബസിൽ വിമാനത്തിൻ്റെ മാതൃകയിൽ ഹോസ്റ്റസുമാരുണ്ടാകുമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി. അന്തർസംസ്ഥാന ബസുകളിൽ കുടിക്കാൻ വെള്ളമോ ബിസ്‌ക്കറ്റോ കൊടുക്കുന്നത് ആലോചനയിലുണ്ട്. അതിൽ നടപടിയെടുക്കാൻ കെഎസ്ആർടിസി എം ഡിയോട് പറഞ്ഞിട്ടുണ്ട്. കുട്ടികളെ ആകർഷിക്കാൻ ഇത്തരം ബസുകളിൽ ബലൂൺ, മിഠായി, എന്നിവയടങ്ങുന്ന പാക്കറ്റ് നൽകാനും ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: 'We will update KSRTC by purchasing new models and the best vehicles'; Minister Ganesh Kumar