സൂപ്പര്‍ സണ്‍ഡേ! ആവേശ ക്രിക്കറ്റ് അറ്റ് ഇറ്റ്‌സ് ബെസ്റ്റ്; ഞായറാഴ്ച മത്സരം കാണാനെത്തിയത് 11,000 പേര്‍

മത്സരത്തിലെ ഏറ്റവും ആവേശകരമായ നിമിഷം പിറന്നത് കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്നായിരുന്നു

dot image

കേരള ക്രിക്കറ്റ് ലീ​ഗിലെ ഏറ്റവും ആവേശം നിറഞ്ഞ കൊല്ലം സെയ്‌ലേഴ്‌സ്- കൊച്ചി ബ്ലൂടൈഗേഴ്‌സ് മത്സരത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് 11,000 പേര്‍. അവസാന പന്ത് വരെ ആരാധകരെ ത്രില്ലടിപ്പിച്ച മത്സരത്തില്‍ സിക്‌സടിച്ച് കൊച്ചി തങ്ങളുടെ വിജയം ആഘോഷിച്ചപ്പോള്‍ ഗ്യാലറി ഇളകിമറിഞ്ഞു. സൂപ്പർ താരം സഞ്ജു സാംസണിന്റെ സെഞ്ച്വറിയും കൊച്ചിയുടെ അവിസ്മരണീയ വിജയവും ഗ്രീന്‍ഫീല്‍ഡിലേക്ക് ഒഴുകിയെത്തിയ ആരാധകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ സമ്മാനിച്ചത് സൂപ്പര്‍ സണ്‍ഡേ തന്നെയായിരുന്നു. ആവേശക്രിക്കറ്റ് അറ്റ് ഇറ്റ്‌സ് ബെസ്റ്റ് എന്ന കെസിഎല്ലിന്റെ ടാഗ് ലൈനിനോട് യോജിച്ചതായിരുന്നു ഇന്നത്തെ കാണികളുടെ സാന്നിധ്യവും ആവേശവും.

ഗ്രീന്‍ഫീല്‍ഡിനെ ഇരുടീമിന്റെയും താരങ്ങള്‍ ആവേശത്തിലാക്കിയ ദിനമായിരുന്നു ഞായറാഴ്ച. ഓരോ ബൗണ്ടറിക്കും സിക്സറിനും വിക്കറ്റിനും ആര്‍പ്പുവിളികളുമായി കാണികള്‍ കളിക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. മത്സരത്തിലെ ഏറ്റവും ആവേശകരമായ നിമിഷം പിറന്നത് കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്നായിരുന്നു. കൊല്ലത്തിന്റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച സഞ്ജു, മിന്നല്‍ വേഗത്തില്‍ സെഞ്ചുറി നേടിയപ്പോള്‍ ഗാലറി ആവേശത്തിമിര്‍പ്പിലായി. സഞ്ജുവിന്റെ ഓരോ ഷോട്ടും ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം കൊച്ചിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചതിനൊപ്പം കാണികള്‍ക്ക് അവിസ്മരണീയമായ അനുഭവവും നല്‍കി. ഇരു ടീമുകള്‍ക്കും മികച്ച പിന്തുണയാണ് ഗ്യാലറിയില്‍ നിന്ന് ലഭിച്ചത്.

കെസിഎല്ലിന് ദിനംപ്രതി ജനപ്രീതി ഏറിവരുന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു സ്റ്റേഡിയത്തിലെ ആരവം. ഞായറാഴ്ച രാത്രി നടന്ന കൊല്ലം സെയിലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സും തമ്മിലുള്ള മത്സരം ആവേശത്തിന്റെ അലകടലാക്കി മാറ്റിയത് ഗാലറിയിലെ കാണികളായിരുന്നു. നേരത്തെ കൊല്ലത്തിന് വേണ്ടി സച്ചിനും വിഷ്ണു വിനോദും മികച്ച ഇന്നിങ്സ് കാഴ്ച്ചവെച്ചപ്പോഴും വന്‍ ആരവമായിരുന്നു ഗ്യാലറിയില്‍. രാവിലെ നടന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്- ട്രിവാന്‍ഡ്രം റോയല്‍സ് മത്സരം കാണുവാനും നിരവധിയാളുകളാണ് എത്തിയത്.

കെസിഎല്ലിന്റെ തുടര്‍ന്നുള്ള മത്സരങ്ങളിലും ഇതേ ജനപങ്കാളിത്തം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. പ്രാദേശിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം, സഞ്ജുവിനെപ്പോലുള്ള അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം കൂടുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കെ.സി.എല്‍ കൂടുതല്‍ ആവേശകരമാകുമെന്നതിന്റെ സൂചനയാണ് നാലാം ദിനത്തിലെ വന്‍ ജനത്തിരക്ക്.

Content Highlights: Kerala Cricket League: Kochi Blue Tigers VS Aries Kollam Sailors match Viewers

dot image
To advertise here,contact us
dot image