ക്യാപ്റ്റന് പകരം ക്യാപ്റ്റൻ മാത്രം, പകരമാകാൻ നോക്കണ്ട: വിജയ്‌ക്കെതിരെ പ്രേമലത വിജയകാന്ത്

'ക്യാപ്റ്റന്റെ ചിത്രം അവർ ഉപയോഗിക്കുന്നതും അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുക്കുന്നതും ശരിയല്ല'

dot image

ചെന്നൈ: 2026ലെ തമിഴ്‌നാട് നിയസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചാരണം നടത്തുന്ന നടനും ടിവികെ നേതാവുമായ വിജയ്ക്ക് എതിരെ നടൻ വിജയകാന്തിന്റെ ഭാര്യ പ്രേമലത. ചെങ്കൽപ്പേട്ട് നടന്ന ഡിഎംഡികെയുടെ പ്രചാരണ പരിപാടിയിലാണ് വിജയ്‌ക്കെതിരെ പ്രേമലത വിജയകാന്ത് രംഗത്തെത്തിയത്. ക്യാപ്റ്റന് പകരം ക്യാപ്റ്റൻ മാത്രം, അദ്ദേഹത്തിന് പകരമാകാൻ ആർക്കും സാധിക്കില്ലെന്നായിരുന്നു പ്രേമലത വ്യക്തമാക്കിയത്. മധുരയിൽ നടന്ന ടിവികെയുടെ രണ്ടാം സംസ്ഥാനത്തിൽ വിജയ് നടത്തിയ പരാമർശത്തിന് മറുപടി പറയുകയായിരുന്നു പ്രേമലത.

സിനിമയിലും രാഷ്ട്രീയത്തിലും നമ്മുടെ പ്രിയപ്പെട്ട നേതാവ് എംജിആറാണെന്നും തനിക്ക് അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും എന്റെ സഹോദരൻ(അണ്ണൻ) വിജയകാന്തിനൊപ്പം അത്തരത്തിൽ ഒരുപാട് അവസരം ലഭിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞിരുന്നു. ഒപ്പം എംജിആറിന്റെ അതേ ഗുണമുള്ള വ്യക്തിയാണ് വിജയകാന്തെന്ന പരാമർശവും നടത്തിയിരുന്നു. ഇതിന് പിന്നാലെ വിജയ്‌യെ വിമർശിച്ച് എൻടികെ നേതാവ് സീമൻ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനാണ് വിജയ് വിജയകാന്തിന്റെ പേരുപയോഗിച്ചതെന്നും വിജയകാന്ത് അസുഖ ബാധിതതനായ സമയം വിജയ് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും സീമൻ ആരോപിച്ചിരുന്നു. തുടർന്നാണ് ഡിഎംഡികെ ക്യാമ്പയിനിൽ പ്രേമലത വിജയകാന്ത് വിജയ്‌യെ വിമർശിച്ച് രംഗത്തെത്തിയത്.

പ്രേമലതയുടെ വാക്കുകൾ ഇങ്ങനെ

'' നിങ്ങൾക്ക് സിനിമയിലും രാഷ്ട്രീയത്തിലുമുള്ള വിജയ്‌യെ ഇപ്പോഴാണ് അറിയാവുന്നത്. ഞങ്ങൾക്ക് കൊച്ചു പയ്യനായിരുന്നപ്പോഴെ അദ്ദേഹത്തെ അറിയാം. ഞങ്ങൾ അയൽക്കാരായിരുന്നു. നിങ്ങൾ വിജയ് വിജയ് എന്ന് പറയും. ഞങ്ങൾക്ക് ഞങ്ങളുടെ പയ്യനാണ്. പക്ഷേ അതുകൊണ്ട് ക്യാപ്റ്റന്റെ ചിത്രം അവർ ഉപയോഗിക്കുന്നതും അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുക്കുന്നതും ശരിയല്ല. ഞങ്ങൾക്ക് സ്വന്തം പാർട്ടിയും പ്രവർത്തകരുമുണ്ട്. ഇരുപത് വർഷം പാരമ്പര്യമുള്ള പാർട്ടിയാണ് ഞങ്ങളുടേത്. ക്യാപ്റ്റന് പകരം ക്യാപ്റ്റൻ മാത്രമാണ് ഉള്ളത്. അദ്ദേഹത്തിന് പകരമാകാൻ ആർക്കും സാധിക്കില്ല. വേദിയിൽ ക്യാപ്റ്റനെ അണ്ണനെന്ന് പറഞ്ഞതിൽ സന്തോഷം, അതിനാൽ ഞങ്ങൾ വിജയ്‌യെ തമ്പിയെന്ന് തിരിച്ചുവിളിക്കും. ജനങ്ങൾക്ക് ഒരു പ്രശ്‌നമെന്നാൽ മുണ്ടുമുടുത്ത് ആദ്യമിറങ്ങുന്ന ആളാണ് ക്യാപ്റ്റൻ അദ്ദേഹത്തിന് പകരമാകാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കു. ഞങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ആളുണ്ട്. അതിന് മറ്റൊരാളുടെ ആവശ്യമില്ല'
Content Highlights: Premalatha Vijayakanth criticised Vijay over praise of her late husband

dot image
To advertise here,contact us
dot image