ആവേശം അവസാന പന്തോളം! സഞ്ജുവിന്റെ കംബാക്കില്‍ വീണ് കൊല്ലം സെയ്‌ലേഴ്‌സ്, കൊച്ചിക്ക് ത്രില്ലർ വിജയം

സൂപ്പർ താരം സഞ്ജു സാംസൺ നേടിയ വെടിക്കെട്ട് സെഞ്ച്വറിയാണ് കൊച്ചി ബ്ലൂ ടൈ​ഗേഴ്സിന് കരുത്തായത്

dot image

കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിനെ വീഴ്ത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ ചാമ്പ്യന്മാരായ കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് മുട്ടുകുത്തിച്ചത്. കൊല്ലം ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അവസാന പന്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എത്തിയത്.

സൂപ്പർ താരം സഞ്ജു സാംസൺ നേടിയ വെടിക്കെട്ട് സെഞ്ച്വറിയാണ് കൊച്ചി ബ്ലൂ ടൈ​ഗേഴ്സിന് കരുത്തായത്. ഓപ്പണറായി ഇറങ്ങിയ താരം 51 പന്തില്‍ 121 റണ്‍സെടുത്തു. ഏഴ് സിക്‌സറുകളും 14 ബൗണ്ടറികളുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതിരുന്ന സഞ്ജുവിന്‍റെ ഗംഭീര തിരിച്ചുവരവിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

കൊല്ലം ഉയർത്തിയ കൂറ്റൻ സ്കോറിലേക്ക് ബാറ്റേന്തിയ കൊച്ചിയ്ക്ക് മിന്നും തുടക്കമാണ് സഞ്ജു നൽകിയത്.തുടക്കത്തിൽ തന്നെ വിനൂപ് മനോഹരനെ (11) വിക്കറ്റ് നഷ്ടമായെങ്കിലും സഞ്ജു അടിച്ചു തകർത്തതോടെ സ്കോർ ബോർഡ് കുതിച്ചു. 16 പന്തിൽ നിന്ന് സഞ്ജു അർധസെഞ്ചുറി നേടിയ സഞ്ജു 42 പന്തിൽ മൂന്നക്കം തൊട്ടു.

ഇതിനിടെ മൊഹമ്മദ് ഷാനുവിനെ (39) നഷ്ടമായി. പിന്നാലെ കളത്തിലെത്തിയ ക്യാപ്റ്റൻ സലി സാംസണും (5) നിഖിലും (1) പെട്ടെന്ന് കൂടാരം കയറി. ഇതിനിടയിൽ 42 പന്തിൽ നിന്ന് സഞ്ജു തന്റെ സീസണിലെ രണ്ടാം സെഞ്ച്വറിയും കുറിച്ചു. ടീം സ്കോർ 200 കടന്നതിന് പിന്നാലെ സഞ്ജു വീണു. അവസാന നിമിഷം മുഹമ്മദ് ആഷിഖും ആൽഫി ഫ്രാൻസിസ് ജോണും നടത്തിയ വെടിക്കെട്ട് ബാറ്റിങും വിജയത്തിന് നിർണായകമായി. അവസാന പന്തിൽ സിക്സടിച്ചാണ് കൊച്ചി വിജയം പിടിച്ചെടുത്തത്. ആഷിഖ് 13 പന്തിൽ‌ 29 റൺസും ഫ്രാൻസിസ് രണ്ട് പന്തിൽ ഏഴ് റൺസും എടുത്ത് പുറത്താകാതെ നിന്നു.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ കൊല്ലം സെയ്ലേഴ്സിനെ വിഷ്ണു വിനോദ് (41 പന്തില്‍ 94), സച്ചിന്‍ ബേബി (44 പന്തില്‍ 91) എന്നിവരുടെ ഇന്നിംഗ്സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജെറിന്‍ പി എസ് ബ്ലൂ ടൈഗേഴ്സിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights: Kerala Cricket League: Kochi Blue Tigers beats Aries Kollam Sailors

dot image
To advertise here,contact us
dot image