
ന്യൂഡൽഹി: ദില്ലിയിലെ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സോണിയാഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്തതിൽ മുസ്‌ലിം ലീഗ് നേതൃത്വത്തിന് അതൃപ്തി. ദില്ലിയില്‍ ഉണ്ടായിട്ടും നേതാക്കള്‍ എത്താത്തതില്‍ കടുത്ത അതൃപ്തിയിലാണ് ലീഗ് നേതൃത്വം. കെ സി വേണുഗോപാലാണ് കോണ്‍ഗ്രസിന് വേണ്ടി ഉദ്ഘാടന ചടങ്ങിന് എത്തിയത്. ദില്ലിയിലെ ദരിയാഗഞ്ചിൽ നിർമ്മിച്ച ലീഗിന്റെ പുതിയ ദേശീയ ആസ്ഥാനത്തിൻ്റെ ഉദ്ഘാടനം ഇന്നായിരുന്നു. മുസ്ലീം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളായിരുന്നു പാര്‍ടി ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് അങ്ങനെ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളുടെ സാന്നിധ്യം മുസ്‌ലിം ലീഗ് നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ നേതാക്കളാരും ഉദ്ഘാടന ചടങ്ങിന് എത്തിയില്ല. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദില്ലിയില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും ചടങ്ങിൽ പങ്കെടുത്തില്ല. വയനാട് മണ്ഡലത്തില്‍ ലീഗിന്റെ ശക്തമായ പിന്തുണയിലാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്. ഉദ്ഘാടന ചടങ്ങിലേക്ക് പ്രിയങ്ക എത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആശംസ അർപ്പിച്ചുള്ള പ്രിയങ്കയുടെ സന്ദേശം മാത്രമാണ് എത്തിയത്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ സി വേണുഗോപാലും എം കെ രാഘവന്‍ എം പിയുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ദില്ലി ദരിയാഗഞ്ചിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിൻ്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരം. പാര്‍ടി സ്ഥാപകനായ ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സായിബിന്റെ പേരില്‍ അത്യാധുനിക സംവിധാനങ്ങളോട് 28 കോടി രൂപ ചിലവട്ടാണ് ആസ്ഥാന മന്ദിരം നിര്‍മ്മിച്ചത്. ദില്ലിയില്‍ ദേശീയ ആസ്ഥാനം യാഥാര്‍ത്ഥ്യമായതോടെ ഉത്തരേന്ത്യയില്‍ പാര്‍ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നതാണ് ലീഗിന്റെ പ്രതീക്ഷ.
Content Highlights: Sonia Gandhi and Priyanka Gandhi were absent from the inauguration of the national headquarters building. The Muslim League is unhappy.
Sonia Gandhi and Priyanka Gandhi did not attend the inauguration of national headquarters building, Muslim League is unhappy