
കൊച്ചി: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികളെ കുറിച്ച് ഷാഫി പറമ്പിൽ എംപിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അറിയാമായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ കെ ഷാനിബ്. ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടിൽ സംസാരിക്കുകയായിരുന്നു എ കെ ഷാനിബ്. താൻ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കാലത്ത് പാലക്കാട് നടന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത യുവതിയോട് മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവ് രാത്രിയിൽ അപമര്യാദയായി പെരുമാറിയിരുന്നുവെന്നും ഷാനിബ് വെളിപ്പെടുത്തി. ഇതിൽ രേഖാമൂലം പരാതി നൽകിയിട്ടും ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവും സ്വീകരിച്ച നിലപാട് എന്താണെന്ന് കൃത്യമായി മനസിലാക്കിയിട്ടുണ്ട്. ആ പെൺകുട്ടിയെ അപമാനിക്കുന്ന നിലപാട് തുടർന്നുണ്ടായതെന്നും ഷാനിബ് ആരോപിക്കുന്നു. 2009ൽ മറ്റൊരു യൂത്ത്‌കോൺഗ്രസ് നേതാവിനെതിരെയും ഒരു യുവതി പ്രതിപക്ഷ നേതാവിന് പരാതി നൽകിയിരുന്നു.
ഷാനിബിന്റെ വാക്കുകൾ:
ഗർഭഛിദ്രമടക്കമുള്ള കാര്യങ്ങളിൽ നേതാക്കൾക്ക് അറിവുണ്ടായിരുന്നു. മാത്രമല്ല മറ്റൊരു കേസിലും അറിവുണ്ടായിരുന്നു. ഒരു മനുഷ്യനും ഒരു പെൺകുട്ടിയോടും ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തതിന്റെ പരാതികൾ ഷാഫി പറമ്പിൽ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേട്ടിട്ടുണ്ടെന്ന് തനിക്ക് ഉറപ്പാണ്. പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ സൈക്കോപ്പാത്തിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കുന്നതിൽ താൻ നടത്തിയ മൂന്നാമത്തെ പത്രസമ്മേളനത്തിൽ ഈ വിഷയത്തെ കുറിച്ച് പറഞ്ഞിരുന്നു. മറ്റൊരു നേതാവിനെതിരെ കോൺഗ്രസ് പ്രവർത്തകയായ യുവതി പ്രതിപക്ഷ നേതാവിന് നൽകിയ പരാതിയെ കുറിച്ച് വരെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. പെൺകുട്ടികൾക്ക് അന്ന് തുറന്ന് പറയാൻ കഴിഞ്ഞിരുന്നില്ല. ഇയാളെ കുറിച്ച് മാത്രമല്ല മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിനെതിരെയും ഒരു യുവതി പ്രതിപക്ഷ നേതാവിന് പരാതി നൽകിയിരുന്നു. ഇതിലെല്ലാം പ്രതിപക്ഷ നേതാവിന് ഉത്തമബോധ്യമുണ്ട്. ചിന്തൻ ശിബിരം പാലക്കാട് നടന്ന സമയത്ത് ഒരു പെൺകുട്ടിയോട് ക്യാമ്പിൽ രാത്രിയിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവ് അപമര്യാദയായി പെരുമാറി. ആ പെൺകുട്ടിയെ അപമാനിക്കുന്ന നിലപാടാണ് ഉള്ളത്. രേഖാമൂലം പരാതി നൽകിയിട്ടും ഷാഫിയും പ്രതിപക്ഷ നേതാവും അതിനോടു സ്വീകരിക്കുന്ന നിലപാടിൽ കൃത്യമായ ബോധ്യമുണ്ട്. ചെളിയിൽ ചവിട്ടിയാൽ കുഴപ്പമില്ല പക്ഷേ അത് വൃത്തിയായി കഴുകിയിട്ട് വരണം അത് ആളുകൾ അറിയാതെ നോക്കാനുള്ള കഴിവു കൂടി വേണമെന്ന് ഷാഫി പറമ്പിൽ സൈക്കോപാത്തിനെ ഉപദേശിച്ചു. വാഹനത്തിൽ കയറ്റികൊണ്ടു പോയത് ഫെനി നൈനാനാണ് എന്ന് ആരോപണം ഉന്നയിച്ച യുവതി പറയുന്നു. ഡ്രൈവറെ പറഞ്ഞയച്ച് മുൻകൂട്ടി പദ്ധതിയിട്ട് ഗൂഢാലോചന നടത്തുന്ന ഒരാളെ എന്തിനാണ് ഇയാളെ പാലക്കാട് കൊണ്ടുവന്നത്? യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കിയത്? ഉമ്മൻ ചാണ്ടി നിർദേശിച്ച ആളെ മറികടന്നാണ് ഇയാളെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. പ്രതിപക്ഷ നേതാവ് അയാളെ സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചു. പെൺകുട്ടി പുറത്ത് പറഞ്ഞപ്പോൾ തന്റെ പ്രതിച്ഛായ്ക്ക് കോട്ടം തട്ടുമെന്ന് ഉറപ്പായതോടെ കൈവിട്ടു. തനിക്ക് ബോധ്യമുള്ള കാര്യങ്ങളാണ് താൻ പറയുന്നതെന്നും ഷാനിബ് പറയുന്നു.
Content Highlights: DYFI leader AK Shanib about allegations against Rahul Mamkootathil