
തൃശ്ശൂർ : സവർക്കർ സ്വാതന്ത്രസമര സേനാനിയായിരുന്നില്ലെന്നും വെറും ബ്രിട്ടീഷ് വിരുദ്ധൻ മാത്രമായിരുന്നെന്നും കവി പി എൻ ഗോപീകൃഷ്ണൻ. ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന യു ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മി ഫ്രീഡം, ഗാന്ധി 169 ഡേയ്‌സ് പ്രദർശനത്തിന്റെ ഭാഗമായി ‘ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും സ്വന്തം സ്വാർഥതാത്പര്യങ്ങൾക്കെതിരേ നിന്നതുകൊണ്ടാണ് പലരും ബ്രിട്ടീഷ് വിരുദ്ധരായത്.
തന്റെ കുലത്തിന് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നഷ്ടം തിരിച്ചുപിടിക്കാൻ ശ്രമിക്കുകമാത്രമാണ് സവർക്കർ ചെയ്തത്. മാപ്പ് എഴുതിക്കൊടുത്തത് സവർക്കറുടെ തന്ത്രമായിരുന്നു എന്ന ന്യായീകരണവും വരുന്നുണ്ട്. എന്നാൽ, മോചിപ്പിക്കപ്പെട്ടശേഷം സവർക്കർ 100 മടങ്ങ് ബ്രിട്ടീഷ് അനുകൂലിയായി. ഗാന്ധിജി വന്നതിനുശേഷമാണ് ഇത്തരം സാഹചര്യങ്ങൾക്ക് മാറ്റംവന്നതെന്നും എല്ലാവിഭാഗം ജനങ്ങളും സ്വാതന്ത്ര്യസമരത്തിലേക്ക് വന്നത് ഇതോടെയാണെന്നും ഗോപീകൃഷ്ണൻ പറഞ്ഞു.
ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനത്തിൽ ഇന്ന് വെെകിട്ട് അഞ്ചരക്ക് 'ഗാന്ധിക്കൊപ്പം നടക്കുമ്പോൾ' എന്ന വിഷയത്തിൽ രേവതി ലോളിന്റെ പ്രഭാഷണം നടക്കും
Content Highlights:Savarkar was not a freedom fighter, but an anti-Britisher - P.N. Gopikrishnan