
കൊച്ചി: റാപ്പർ വേടനെതിരെ കൂടുതൽ പരാതികൾ. ലൈംഗികാതിക്രമം നടത്തിയതായി വെളിപ്പെടുത്തി രണ്ട് യുവതികൾ കൂടി രംഗത്തെത്തി. യുവതികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതികളുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ സമയം തേടിയിട്ടുണ്ട്. ഗവേഷകവിദ്യാർത്ഥിനികളാണ് ലൈംഗികാതിക്രമം വെളിപ്പെടുത്തി പരാതി നൽകിയത്.
വേടൻ ക്രൂരമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഒരു യുവതിയുടെ പരാതി. ഗവേഷണാവശ്യത്തിന് വിവരം തേടി സമീപിച്ചപ്പോൾ അതിക്രമം നടത്തിയെന്നാണ് മറ്റൊരു വിദ്യാർത്ഥിനി പരാതിയിൽ പറയുന്നത്. 2020-21 കാലഘട്ടത്തിലാണ് ലൈംഗികാതിക്രമം നടന്നതെന്നും പരാതിയിൽ പറയുന്നു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഒളിവിലാണ്. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവിൽ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ വെച്ച് വേടൻ ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു ഡോക്ടറുടെ മൊഴി.
2023-ലാണ് വേടൻ തന്നെ ഒഴിവാക്കിയതെന്നും ഇരുവർക്കുമിടയിൽ സാമ്പത്തിക ഇടപാടുകൾ ഉള്ളതായും യുവതി മൊഴി നൽകിയിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം വേടൻ എവിടെയാണ് എന്നതിൽ ആർക്കും വ്യക്തതയില്ല. വേടന്റെ സംഗീത ഷോകളും റദ്ദാക്കിയിരുന്നു. വേടന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Content Highlights: More complaints against rapper Vedan