'കാറിൽ പോകുന്ന രാഹുലിനും പ്രിയങ്കയ്ക്കും തെരുവുനായ ഭീഷണിയല്ല, പക്ഷെ സാധാരണക്കാർക്ക് അങ്ങനെയല്ല'- എം ബി രാജേഷ്

രാഹുലും പ്രിയങ്കയും സംസാരിക്കുന്നത് തെരുവ് നായ്ക്കളുടെ പക്ഷം ചേര്‍ന്നാണെന്ന് എം ബി രാജേഷ് പറഞ്ഞു

dot image

തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരെ വിമര്‍ശനവുമായി മന്ത്രി എം ബി രാജേഷ്. രാഹുലും പ്രിയങ്കയും സംസാരിക്കുന്നത് തെരുവ് നായ്ക്കളുടെ പക്ഷം ചേര്‍ന്നാണെന്ന് എം ബി രാജേഷ് പറഞ്ഞു. കാറിനകത്ത് കടുത്ത സുരക്ഷയില്‍ കഴിയുന്നവര്‍ക്ക് തെരുവ് നായകൾ ഭീഷണിയായിരിക്കില്ല എന്നാല്‍ സാധാരണക്കാരുടെ കാര്യം അങ്ങനെയല്ലെന്നും എം ബി രാജേഷ് പറഞ്ഞു. ഈ വിഷയത്തില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഹുല്‍ ഗാന്ധിക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എം ബി രാജേഷിന്റെ പ്രതികരണം.

കേന്ദ്രസര്‍ക്കാരിന്റെ എബിസി ചട്ടം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും തെരുവ് നായ വിഷയത്തിൽ ഫലപ്രദമായി ഇടപെടാന്‍ സാധിക്കുന്നില്ല. ലക്ഷണക്കണക്കിന് തെരുവുനായകളെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയെന്നത് പ്രായോഗികമല്ല. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് തെരുവുനായ ശല്യം പരിഹരിക്കുന്നതിനുള്ള അധികാരം നല്‍കണം. കേസ് പരിഗണിക്കുന്ന സുപ്രിംകോടതി ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഫലപ്രദവും ശാസ്ത്രീയവുമായ നിര്‍ദേശം വെക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ തെരുവ് നായ്ക്കളെയെല്ലാം എട്ടാഴ്ച്ചയ്ക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറയാനായി മാറ്റി. സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് വിധി പറയാന്‍ മാറ്റിയത്. തെരുവ് നായ ശല്യം തടയാന്‍ നിയമങ്ങളുണ്ടെങ്കിലും അധികൃതര്‍ അത് നടപ്പിലാക്കുന്നില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

Content Highlight; MB Rajesh Criticizes Rahul and Priyanka Over Street Dog Issue

dot image
To advertise here,contact us
dot image