
മുംബൈ: വ്യവസായിയിൽനിന്ന് കോടികൾ വാങ്ങി തിരിച്ചുനൽകിയില്ലെന്ന പരാതിയിൽ പ്രമുഖ ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. ശിൽപയുടേയും രാജ് കുന്ദ്രയുടേയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ വിപുലീകരണത്തിനായി നിക്ഷേപമെന്നോണം വ്യവസായി ദീപക് കോത്താരി 60.48 കോടി രൂപ നൽകിയിരുന്നു. ഈ പണം തിരികെ നൽകിയില്ലെന്ന് കാണിച്ചാണ് മുംബൈ പൊലീസിന് ദീപക് കോത്താരി പരാതി നൽകിയത്. പിന്നീട് കേസ് സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന് കൈമാറുകയായിരുന്നു.
2015-16 കാലഘട്ടത്തിലാണ് ഈ ഇടപാട് നടന്നത്. ആ സമയത്ത് ശിൽപയും കുന്ദ്രയും ബെസ്റ്റ് ഡീൽ ടിവിയുടെ ഡയറക്ടർ പദവി വഹിച്ചിരുന്നു. 2015 ഏപ്രിലിൽ 31.95 കോടി രൂപയും 2016 മാർച്ചിൽ 28.54 കോടി രൂപയുമാണ് ദമ്പതികൾക്ക് കൈമാറിയത്. കമ്പനിയുടെ 87 ശതമാനം ഓഹരിയും അന്ന് ശിൽപയ്ക്കായിരുന്നു. എന്നാൽ പിന്നീട് ശിൽപ ഷെട്ടി കമ്പനിയുടെ ഡയറക്ടർ പദവിയിൽ നിന്നും രാജിവെക്കുകയും കമ്പനിക്കെതിരെ പാപ്പരത്ത കേസ് ഉയരുകയും ചെയ്തു. എന്നാൽ പണം തിരികെ നൽകിയില്ല. ഒരു ഏജന്റ് മുഖേനയാണ് ശിൽപയും കുന്ദ്രയുമായി ആദ്യം ബന്ധപ്പെട്ടത്. എന്നാൽ പിന്നീട് നേരിട്ട് പണം ആവശ്യപ്പെട്ടെങ്കിലും പണം തിരികെ നൽകിയില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.
Content Highlights: case against Shilpa Shetty and husband Raj Kundra was filed by businessman defraud him 60 crore