
തിരുവനന്തപുരം: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി.
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയുക. പാംപ്ലാനിയുടെ പ്രസ്താവനകളെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടു. ബിജെപിയുടെ ക്രൈസ്തവ വേട്ടയ്‌ക്കെതിരെ മൗനം പാലിക്കുകയും എന്നാൽ സ്വന്തം താൽപര്യങ്ങൾക്കായി അവസരവാദപരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സമീപനമാണ് ഇത്തരം ചർച്ചകൾക്ക് കാരണമെന്നും ശിവൻകുട്ടി പറഞ്ഞു.
ബിജെപിയെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളെ എം വി ഗോവിന്ദൻ തുറന്നുകാട്ടിയപ്പോൾ അതിനെ സഭയ്‌ക്കെതിരായ നീക്കമായി ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനാണ്. ഛത്തീസ്ഗഡിലും മണിപ്പൂരിലും ക്രൈസ്തവർ ആക്രമിക്കപ്പെട്ടപ്പോൾ മൗനം പാലിച്ചവർ ഇപ്പോൾ സിപിഐഎമ്മിനെ ഫാസിസ്റ്റുകളായി ചിത്രീകരിക്കുന്നത് പരിഹാസ്യമാണെന്നും ശിവൻകുട്ടി കുറിപ്പിൽപറയുന്നു.
സിപിഐഎം ഒരു കാലത്തും ക്രൈസ്തവ സമൂഹത്തിന് എതിരായി പ്രവർത്തിച്ചിട്ടില്ല. എന്നാൽ സ്വന്തം താൽപര്യങ്ങൾക്കായി വിശ്വാസികളെ ഒറ്റി സംഘപരിവാർ നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ ശക്തമായ നിലപാടുകൾ മുന്നോട്ടുവെക്കുകതന്നെ ചെയ്യുമെന്നും ശിവൻകുട്ടി പറയുന്നു.
കുറിപ്പിന്റെ പൂർണ രൂപം……
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയുക..
തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനകളെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ ക്രൈസ്തവവേട്ടയ്‌ക്കെതിരെ മൗനം പാലിക്കുകയും, എന്നാൽ സ്വന്തം താൽപര്യങ്ങൾക്കായി അവസരവാദപരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സമീപനമാണ് ഇത്തരം ചർച്ചകൾക്ക് കാരണം. ബിജെപിയെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളെ സിപിഐ എം സംസ്ഥാന സെക്രട്ടറി സഖാവ് എം.വി. ഗോവിന്ദൻ മാഷ് തുറന്നുകാട്ടിയപ്പോൾ അതിനെ സഭയ്‌ക്കെതിരായ നീക്കമായി ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനാണ്. ഛത്തീസ്ഗഡിലും മണിപ്പൂരിലും ക്രൈസ്തവർ ആക്രമിക്കപ്പെട്ടപ്പോൾ മൗനം പാലിച്ചവർ ഇപ്പോൾ സിപിഐഎമ്മിനെ ഫാസിസ്റ്റുകളായി ചിത്രീകരിക്കുന്നത് പരിഹാസ്യമാണ്.
കലാപകാലത്ത് മണിപ്പൂർ സന്ദർശിച്ച് സാന്ത്വനപ്രവർത്തനങ്ങൾ നടത്താൻ മുന്നിട്ടിറങ്ങിയത് സിപിഐഎം നേതാക്കളാണ്. 2008-ൽ ഒഡീഷയിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടപ്പോൾ അവർക്ക് അഭയം നൽകിയത് ഇടതുപക്ഷമാണ്, സിപിഐഎം ഓഫീസുകൾ പോലും പ്രാർത്ഥനകൾക്കായി വിട്ടുനൽകിയ ചരിത്രമുണ്ട്. സിപിഐഎം ഒരു കാലത്തും ക്രൈസ്തവ സമൂഹത്തിന് എതിരായി പ്രവർത്തിച്ചിട്ടില്ല. എന്നാൽ സ്വന്തം താൽപര്യങ്ങൾക്കായി വിശ്വാസികളെ ഒറ്റി സംഘപരിവാർ നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ ശക്തമായ നിലപാടുകൾ മുന്നോട്ടുവെക്കുകതന്നെ ചെയ്യും.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ മോചനത്തിന് പിന്നാലെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നന്ദി പറഞ്ഞ പാംപ്ലാനിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശിച്ചിരുന്നു. പാംപ്ലാനി അവസരവാദിയാണെന്നാണ് ഗോവിന്ദൻ പറഞ്ഞത് എന്നാൽ ഗോവിന്ദൻ ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കരുത് എന്നായിരുന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടറുടെ പ്രതികരണം. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Content Highlights: minister V Sivankutty against Joseph Pamplany