ഉഗ്രന്‍കുന്നിലേക്ക് കൂടി പോകാമെന്ന് തോന്നിയത് ഭാഗ്യമായി; 13മണിക്കൂര്‍ പൊട്ടക്കിണറ്റില്‍ കിടന്ന യമുനയെ കണ്ടു

ലോട്ടറി വില്‍ക്കുന്ന സ്ഥലങ്ങളിലൊന്നും യമുനയെ കാണാതായതോടെ ഭര്‍ത്താവ് ദിലീപും കുടുംബവും കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

dot image

കൊല്ലം: ഭാഗ്യക്കുറി വില്‍പ്പനക്കാരി യമുന ഒരു ദിവസം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുക തന്റെ കയ്യില്‍ നിന്ന് ടിക്കറ്റെടുക്കുന്നവരെ ഭാഗ്യം അനുഗ്രഹിക്കണമേ എന്നാവും. എന്നാല്‍ യമുനയെ ഇപ്പോള്‍ മഹാഭാഗ്യം അനുഗ്രഹിച്ചിരിക്കുകയാണ്. ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ രൂപത്തില്‍.

കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപം ശിവ വിലാസത്തില്‍ യമുന(54) ആഴമുള്ള പൊട്ടക്കിണറ്റില്‍ വീണു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കിണറ്റില്‍ വീണത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് യമുനയെ രക്ഷപ്പെടുത്തിയത്. അത്രയും ആഴമുള്ള കിണറ്റില്‍ മഴയെയും അതിജീവിച്ചാണ് യമുന 13 മണിക്കൂര്‍ കഴിച്ചു കൂട്ടിയത്.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ലോട്ടറിക്കട നടത്തുന്ന യമുന പച്ചമരുന്ന് ശേഖരിക്കാനായി ഉഗ്രന്‍കുന്നിലെ ആളൊഴിഞ്ഞ പ്രദേശത്ത് സ്‌കൂട്ടറില്‍ പോയതാണ്. സ്‌കൂട്ടര്‍ വഴിയരികില്‍ വച്ച ശേഷം ഹെല്‍മറ്റ് തലയില്‍ നിന്നു മാറ്റാതെ തന്നെ നെയ് വള്ളിയിലെ എന്ന പച്ചമരുന്ന് പറിച്ചു തിരികെ നടക്കുമ്പോഴാണ് കാല്‍വഴുതി വീണത്. തകരഷീറ്റ് മൂടിയ കിണറായിരുന്നു. ഷീറ്റിന്റെ ഒരു ഭാഗം തകര്‍ന്നാണ് താഴേക്ക് പതിച്ചത്. ഉറക്കെ കരഞ്ഞെങ്കിലും കിണറ്റില്‍ നിന്നു ശബ്ദം പുറത്തെത്തിയില്ല.

ഹെല്‍മറ്റ് തലയില്‍ നിന്നു മാറ്റാതെ ആയിരുന്നു യമുന കിണറ്റിനകത്ത് കഴിച്ചുകൂട്ടിയത്. അതിനാല്‍ മുകളില്‍ നിന്ന് കല്ലുകള്‍ ചിതറിവീണെങ്കിലും തലയ്ക്ക് പരുക്കേറ്റിയില്ല. ലോട്ടറി വില്‍ക്കുന്ന സ്ഥലങ്ങളിലൊന്നും യമുനയെ കാണാതായതോടെ ഭര്‍ത്താവ് ദിലീപും കുടുംബവും കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പരിസര പ്രദേശങ്ങളില്‍ എല്ലാം നോക്കിയിട്ടും കാണാതായതോടെയാണ് ദിലീപ് ഉഗ്രന്‍കുന്നില്‍ കൂടി പരിശോധിക്കാമെന്ന് പൊലീസിനോട് പറഞ്ഞത്. നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് സമീപം പച്ചമരുന്ന് ശേഖരിക്കാന്‍ പോയതാവാം എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഈ സംശയം യമുനയുടെ ഭാഗ്യമാവുകയായിരുന്നു.

അങ്ങോട്ട് പോകുന്ന വഴിയരികില്‍ സ്‌കൂട്ടര്‍ കണ്ടു. അതോടെ യമുനയെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ വര്‍ധിച്ചു. പക്ഷെ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മടങ്ങാനൊരുങ്ങുമ്പോഴാണ് കിണറിനുള്ളില്‍ നിന്ന് കരച്ചില്‍ കേട്ടത്. അതോടെ അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ യമുനയെ രക്ഷപ്പെടുത്തുകയായിരുന്നു.

Content Highlights: Yamuna, the lottery seller, really got lucky

dot image
To advertise here,contact us
dot image