
കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് മരവിപ്പിച്ചതിനെതിരെ നല്‍കിയ അപ്പീലില്‍ ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കുപ്പിക്കഴുത്ത് പോലെയാണ് ദേശീയപാതയിലെ ഗതാഗത സൗകര്യമെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. ആംബുലന്‍സിന് പോലും എളുപ്പം കടന്നുപോകാനാവുന്നില്ല. ടോള്‍ നല്‍കിയിട്ടും ദേശീയപാതാ അതോറിറ്റി സേവനം നല്‍കുന്നില്ല. സര്‍വീസ് റോഡുകളും മെച്ചപ്പെടുത്തിയിട്ടില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
രാവിലെ പുറപ്പെട്ടാലും എത്തേണ്ടിടത്ത് എത്താന്‍ ഉച്ച കഴിയുമെന്നും മലയാളി ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ വിമര്‍ശിച്ചു. പാത പൂര്‍ത്തിയാകുന്നതിന് മുന്‍പ് ടോള്‍ പിരിച്ചുതുടങ്ങിയല്ലോയെന്നും ഗതാഗതക്കുരുക്ക് എത്രയും വേഗം പ്രശ്നം പരിഹരിക്കൂവെന്നും ആയിരുന്നു ദേശീയപാതാ അതോറിറ്റിക്ക് ചീഫ് ജസ്റ്റിസ് നല്‍കിയ നിര്‍ദ്ദേശം. രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് ഗതാഗത പ്രശ്നമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പിഴവുണ്ടെന്നും ആയിരുന്നു ദേശീയപാതാ അതോറിറ്റിയുടെ വാദം. എന്നാല്‍ പത്ത് കിലോമീറ്റര്‍ ദൂരത്തിലുള്ള മുരിങ്ങൂറിലും ഗതാഗത പ്രശ്നമുണ്ടെന്ന് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചു. രേഖകള്‍ ഹാജരാക്കാന്‍ സാവകാശം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
ടോള്‍ പിരിവ് നാലാഴ്ച്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ നടപടി. ഉത്തരവ് അടിയന്തരമായി നടപ്പാക്കുമെന്ന് ടോള്‍ പ്ലാസ അധികൃതരും ഹൈക്കോടതി വിധി ജനങ്ങളുടെ വിജയമാണെന്ന് ഹര്‍ജിക്കാരന്‍ ഷാജി കോടങ്കണ്ടത്ത് പ്രതികരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ സാധ്യതയുണ്ട് എന്ന് മനസിലാക്കിയ ഷാജി കോടങ്കണ്ടത്ത് തടസ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.
Content Highlights: Supreme Court Against National Highway Authority